ഏക സിവില്‍ കോഡ് സെമിനാറില്‍ ഇ പി ജയരാജന്‍ പങ്കെടുക്കില്ല, നേതൃത്വവുമായി അസ്വാരസ്യം തുടരുന്നു

തിരുവനന്തപുരം - ഏക സിവില്‍ കോഡിനെതിരെ സി പി എം കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സെമിനാറില്‍ കേന്ദ്ര കമ്മറ്റി അംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇ പി ജയരാജന്‍ പങ്കെടുക്കില്ല. പാര്‍ട്ടി നേതൃത്വവുമായി അസ്വാരസ്യം തുടരുന്ന ഇ പി ജയരാജന്‍ സെമിനാര്‍ നടക്കുന്ന സമയത്ത് തിരുവനന്തപുരത്ത് ഡി ബൈ എഫ് ഐ യുടെ പരിപാടിയില്‍ പങ്കെടുക്കും. തിരുവനന്തപുരത്ത് ഡി വൈ എഫ് ഐ നിര്‍മ്മിച്ച് നല്‍കുന്ന സ്‌നേഹ വീടിന്റെ താക്കോല്‍ദാന ചടങ്ങിലാണ് ഇ പി ജയരാജന്‍ പങ്കെടുക്കുന്നത്. വളരെ രാഷ്ട്രീയ പ്രാധാന്യമുള്ള സെമിനാര്‍ സി പി എം സംഘടിപ്പിക്കുമ്പോള്‍ അതിന് നേതൃപരമായ പങ്ക് വഹിക്കേണ്ട ഇടതുമുന്നണി കണ്‍വീനര്‍ കൂടിയായ ഇ പി ജയരാജന്‍ പങ്കെടുക്കാത്തത് പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നുണ്ട്. എം.വി ഗോവിന്ദന്‍ സി പി എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റെടുത്ത ശേഷം ഇ പി ജയരാജന്‍ പാര്‍ട്ടി നേതൃത്വവുമായി അകല്‍ച്ചയിലാണ്. മുന്നണി യോഗങ്ങളില്‍ പോലും അദ്ദേഹം പങ്കെടുക്കാത്ത സ്ഥിതിയുണ്ട്.  അതേസമയം ഇ പി ജയരാജന്‍ സെമിനാറില്‍ പങ്കെടുക്കാത്തതിനെ ന്യായീകരിച്ചുകൊണ്ട് സി പി എം നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ഇ പി ജയരാജന്‍ സെമിനാറില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്ന് സി പി എം നേതൃത്വം അറിയിച്ചു. സെമിനാറില്‍ പങ്കെടുക്കുന്നവരുടെ പട്ടിക നേരത്തെ പുറത്തു വിട്ടിരുന്നു. കേന്ദ്ര കമ്മറ്റി അംഗങ്ങളില്‍ എല്ലാവരും പട്ടികയില്‍ ഇല്ല. സി പി എം  നേതാക്കളില്‍ ആരൊക്കെ സെമിനാറില്‍ ഉണ്ടാകണമെന്ന് പാര്‍ട്ടി സെക്രട്ടറിയേറ്റ് നേരത്തെ തീരുമാനിച്ചിരുന്നുവെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കുന്നു.

 

Latest News