Sorry, you need to enable JavaScript to visit this website.

കേരളത്തിലെ പ്രവര്‍ത്തിക്കാത്ത നേതാക്കളെ  ആവശ്യമില്ലെന്ന്  ബി.ജെ.പി ദേശീയനേതൃത്വം 

കൊച്ചി- കേരളത്തില്‍ ബി.ജെ.പി. കുതിപ്പില്‍നിന്ന് കിതപ്പിലേക്ക് നീങ്ങുന്നതില്‍ സംഘടനാപരമായ ദൗര്‍ബല്യങ്ങളും പ്രധാനമെന്ന നിഗമനത്തില്‍ ദേശീയ നേതൃത്വം. ചിലര്‍ ഭാരവാഹിപദവികള്‍ അലങ്കാരമായി കൊണ്ടുനടക്കുന്നതല്ലാതെ സംഘടനാപ്രവര്‍ത്തനം നടത്തുന്നില്ലെന്നാണ് വിലയിരുത്തല്‍. പ്രവര്‍ത്തിക്കാത്ത നേതാക്കളുടെ പട്ടിക ദേശീയനേതൃത്വം ആവശ്യപ്പെട്ടിരിക്കുകയാണ്. ഇവരെ ഒഴിവാക്കാനാണ് നിര്‍ദേശം.
പഞ്ചായത്ത്, മണ്ഡലം, ജില്ലാ തലങ്ങളിലെ ചുമതലകള്‍ നിര്‍വഹിക്കാത്ത ഭാരവാഹികളുടെ പട്ടിക തയ്യാറാക്കിത്തുടങ്ങി. ജില്ലാ പ്രസിഡന്റുമാര്‍ 18-നകം പട്ടിക കൈമാറും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുള്‍പ്പെടെ സംഘടനാ പ്രവര്‍ത്തനം വേണ്ടരീതിയില്‍ നടത്താത്തവരെ പാര്‍ട്ടിച്ചുമതലകളില്‍നിന്ന് ഒഴിവാക്കും. അടുത്ത തെരഞ്ഞെടുപ്പില്‍ ഇവരെ പരിഗണിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാന ഭാരവാഹികളുടെ കാര്യത്തിലും ഈ തീരുമാനം ബാധകമാണെങ്കിലും ഗ്രൂപ്പിസം ശക്തമായതിനാല്‍ ഉടന്‍ അത് പ്രാവര്‍ത്തികമാകാന്‍ സാധ്യതയില്ല. മോദിസര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട് വീടുകള്‍ സന്ദര്‍ശിക്കല്‍, കേന്ദ്രത്തിന്റെ വികസനപദ്ധതികളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തല്‍ തുടങ്ങി വിപുലമായ പ്രചാരണ പരിപാടികള്‍ ബി.ജെ.പി. ആവിഷ്‌കരിച്ചിരുന്നു. ഇതില്‍ സജീവമായി പങ്കെടുക്കാത്തവരെ ഒരു കാരണവശാലും പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിലനിര്‍ത്തേണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്.

Latest News