ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ പ്രതികള്‍ പിടിയില്‍ 

കൊച്ചി- ആകര്‍ഷകമായ പ്രതിഫലം വാഗ്ദാനം ചെയ്ത് നിക്ഷേപകരില്‍ നിന്നും വന്‍ തുകകള്‍ സ്വീകരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കോടിക്കണക്കിന് രൂപ തട്ടിച്ചെടുത്ത കമ്പനി ഡയറക്ടരേയും ജീവനക്കാരനേയും അറസ്റ്റു ചെയ്തു. 

ചേരാനെല്ലൂര്‍ എടയപ്പുറം അറക്കല്‍ വീട്ടില്‍ ജെയിസണ്‍ ജോയി (42), ആലപ്പുഴ മാവേലിക്കര ചാവടിയില്‍ കുട്ടിയില്‍ വീട്ടില്‍ ഷിനാജ് ഷംസുദ്ദീന്‍ (28), ചേരാനെല്ലൂര്‍ എടയപ്പുറം അറക്കല്‍ വീട്ടില്‍ ജാക്‌സണ്‍ ജോയി (39) എന്നിവരെയാണ് തൃക്കാക്കര പോലീസ് അറസ്റ്റു ചെയ്തത്. 

തൃക്കാക്കര വള്ളത്തോള്‍ നഗറില്‍ നടത്തി വന്ന റിംഗ്‌സ പ്രമോസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. മാസം തോറും ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് ഫേസ്ബുക്കില്‍ പരസ്യം ചെയ്താണ് യുവാക്കളെ ആകര്‍ഷിച്ചത്. ആളുകള്‍ സ്ഥാപനത്തില്‍ നിക്ഷേപിക്കുന്ന പണം വിവിധ ബിസിനസുകളിലും ഇ കൊമേഴ്‌സ് ഇടപാടുകളിലും മുതല്‍ മുടക്കി അതില്‍ നിന്നും കിട്ടുന്ന ലാഭം വീതിച്ചു കൊടുക്കും എന്നാണ് നിക്ഷേപകരെ വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ നിരവധി പേര്‍ പണം നിക്ഷേപിച്ചു കഴിഞ്ഞപ്പോള്‍ അവരുമായി ഉണ്ടാക്കിയ എഗ്രിമെന്റുകള്‍ നിലനില്‍ക്കില്ലെന്നും തങ്ങളുടെ പ്രൊഡക്ട്‌സ് വില്‍ക്കുന്ന ഫ്രാഞ്ചൈസികളായാല്‍ മാത്രമേ ഇടപാടു തുടരാന്‍ സാധിക്കുകയുള്ളൂ എന്നു പറഞ്ഞു മറ്റൊരു  എഗ്രിമന്റ്‌റില്‍ ഒപ്പു വയ്പിക്കുകയും മുടക്കിയ ലക്ഷങ്ങള്‍ തിരിച്ചു കിട്ടാന്‍ വേറെ മാര്‍ഗ്ഗമില്ലാതെ വന്നപ്പോള്‍ പലരും കമ്പനി പറയുന്നതനുസരിച്ച് വാടകക്ക് കടമുറികള്‍ എടുത്ത് കമ്പനി പറയുന്ന പ്രകാരം പ്രവര്‍ത്തിക്കുകയും ചെയ്യുകയായിരുന്നു. 2023 മെയ് മാസത്തില്‍ കമ്പനി എത്തിച്ചു നല്‍കിയ 20 കിലോ മാട്ടിറച്ചി അഴുകിയതാണെന്നു പറഞ്ഞു ആളുകള്‍ വാങ്ങാതിരിക്കുകയുമായിരുന്നു. 

സഹോദരങ്ങള്‍ മാനേജിംഗ് ഡയറക്ടറും ഡയറക്ടറുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലേക്ക് പണം നഷ്ടപ്പെട്ടവര്‍ എത്തിയപ്പോള്‍ ഭീഷണി മുഴക്കി പറഞ്ഞയക്കുകയായിരുന്നു. പണം തിരികെ ചോദിക്കുന്നവരെ വക്കീല്‍ നോട്ടീസയച്ച് ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു. പിരിഞ്ഞു പോകുന്ന നിക്ഷേപകരോട് പുതിയതായി നാലു പേരെ നിക്ഷേപകരായി എത്തിച്ചാല്‍ മാത്രമേ പണം തിരികെ തരികയുള്ളൂ എന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. 

കൊച്ചി സിറ്റി ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ ശശിധരന്‍ന്റെ നിര്‍ദ്ദേശ പ്രകാരം തൃക്കാക്കര അസിെന്റ് പോലീസ് കമ്മീഷണര്‍ പി. വി ബേബിയുടെ മേല്‍ നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ ഷാബു, സബ് ഇന്‍സ്‌പെക്ടര്‍മാരായ റഫീഖ്, ധര്‍മ്മജന്‍, സി. പി. ഒ  നക്ഷാദ്, വൈശാഖ് എന്നിവര്‍ ചേര്‍ന്നാണ്  ആലുവ കാര്‍മല്‍ ആശുപത്രിക്കു സമീപം വാടക വീട്ടില്‍ നിന്ന് പ്രതികളെ അറസ്റ്റു ചെയ്തത്.

Latest News