കൊച്ചി- വടിവാളുമായി ബാറില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ട് യുവാക്കളെ കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.
കളമശ്ശേരി പള്ളിലാംകര സ്വദേശികളായ ജോബിന്‍ ജോയ് (29), പ്രദീപ് (38) എന്നിവരെയാണ് കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. കളമശ്ശേരി ചാന്ദിനി ബാറിലെ പാര്‍ക്കിങ് ഏരിയയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചെത്തിയ ജോബിന്‍ ജോയും പ്രദീപും ബാറിലെ പാര്‍ക്കിങ് ഏരിയയില്‍ പൊതുജനങ്ങളോട് അനാവശ്യമായി ബഹളം ഉണ്ടാക്കുകയും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നേരെ ജോബിന്‍ ജോയ് വടിവാള്‍ വീശുകയും അക്രമാസക്തരായി അവിടെ കൂടി നിന്ന പൊതുജനത്തെയും ബാറിലെ സെക്യൂരിറ്റി ജീവനക്കാരെയും മര്‍ദ്ദിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു.
സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ കളമശ്ശേരി പോലീസ് സംഘത്തിന് നേരെയും ഇയാള്‍ വടിവാള്‍ വീശുകയും തുടര്‍ന്ന് ബലപ്രയോഗത്തിലൂടെ ഇവരെ കീഴ് പെടുത്തുകയുമായിരുന്നു. എച്ച് എം ടി കോളനി നിവാസിയായ ജോബിന്‍ ജോയ് വൈകുന്നേരം കോളനി ഭാഗത്ത് വെച്ച് വടിവാള്‍ വീശുകയും പട്ടികജാതിയില്‍പ്പെട്ട യുവതിയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുന്നതിന് മുന്‍പ് ഇയാള്‍ അവിടെ നിന്നും കടന്നുകളഞ്ഞിരുന്നു. തുടര്‍ന്ന് ബാറില്‍ വെച്ചുണ്ടായ സംഭവത്തെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്.
ആയുധം കൈവശം വെച്ചതിനും പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതിയെ ആക്രമിച്ചതിനുമായി രണ്ട് കേസുകള്‍ ഇയാള്‍ക്കെതിരെ കളമശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്തു.