കൊച്ചി- വ്യാജമായി രേഖകൾ ഉണ്ടാക്കി ഭൂമി ഇടപാട് നടത്താൻ ശ്രമിച്ച കേസ്സിലെ 3 പ്രതികളെ മട്ടാഞ്ചേരി പോലീസ് അറസ്റ്റു ചെയ്തു.ഫോർട്ട്‌കൊച്ചി ചുള്ളിക്കൽ സ്വദേശി കെ എം സന്തോഷ് കുമാർ (69), മട്ടാഞ്ചേരി പനയപ്പള്ളി സ്വദേശി അബു കെ. വൈ. (55), പള്ളുരുത്തി സ്വദേശി സുന്ദരൻ പി വി (58) എന്നിവരെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. കേസ്സിലെ ഒന്നാം പ്രതിയായ സന്തോഷ് കുമാറിൽ നിന്നും വസ്തു വാങ്ങിയ ആൾ സ്ഥലം പോക്കുവരത്തു ചെയ്യുന്നതിനായി മട്ടാഞ്ചേരി വില്ലേജ് ഓഫീസിൽ സമർപിച്ച രേഖകൾ വ്യാജമാണെന്ന് മനസ്സിലാക്കിയ വില്ലേജ് ഓഫീസർ മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പ്രതികൾ മട്ടാഞ്ചേരി വില്ലേജ് ഓഫീസറുടെ ഒപ്പും സീലും വ്യാജമായി പതിച്ച് തണ്ടപ്പേര് അക്കൌണ്ട്, കരമൊടുക്കിയ രസീത്, കൈവശാവകാശ സർട്ടിഫിക്കറ്റ് എന്നിവ വ്യാജമായി ഉണ്ടാക്കുകയായിരുന്നുനവെന്ന് പോലീസ് പറഞ്ഞു. സ്ഥലം വാങ്ങിയ ആൾ പോക്കുവരത്തു ചെയ്യുന്നതിനായി വില്ലേജ് ഓഫീസിൽ സമർപ്പിച്ചപ്പോൾ ആണ് രേഖകളെല്ലാം വ്യാജമാണെന്ന് മനസ്സിലായത്. ഒന്നാം പ്രതി സ്ഥലം വില്പന നടത്തുന്നതിന് സ്ഥിരമായി സ്ഥലം ഇടപാടുകൾ നടത്തിവരുന്ന രണ്ടും മൂന്നും പ്രതികളെ ഏല്പിക്കുകയും രണ്ടും മൂന്നും പ്രതികൾ ഇതിനായി രേഖകൾ വ്യാജമായി ഉണ്ടാക്കുകയും സ്ഥലം കച്ചവടം ചെയ്യുകയുമായിരുന്നു. പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പ്രതികൾ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ കൂടുതൽ ചെയ്തിട്ടുണ്ടോ എന്നും വ്യാജമായി രേഖകൾ ഉണ്ടാക്കിയത് എവിടെ വെച്ചാണെന്നും കണ്ടെത്തുന്നതിനുള്ള പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.