Sorry, you need to enable JavaScript to visit this website.

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഘത്തിലെ പ്രധാന പ്രതിയടക്കം പോലീസ് പിടിയില്‍ 

കൊച്ചി- കേരളത്തിലുടനീളം വിവിധ സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളുടെ വ്യാജരേഖകള്‍ കാണിച്ച് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്നും വന്‍ തുക കൈപ്പറ്റി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രധാന പ്രതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. എറണാകുളം എളങ്കുളത്ത് താമസിക്കുന്ന സതീഷ് ചന്ദ്രന്‍ (66), ഇടനിലക്കാരായ കോഴിക്കോട് നാദാപുരം സലിം എന്നുവിളിക്കുന്ന മൈമൂദ് (50), പെരുമാനൂര്‍ ആലപ്പാട്ട് കോസ്സ് റോഡില്‍ ബിജു (48) എന്നിവരാണ് എറണാകുളം ടൗണ്‍ സൗത്ത് പോലീസിന്റെ പിടിയിലായത്. 

മലപ്പുറം സ്വദേശിയായ അബ്ദുല്‍ ബാസിതിന് കെ. എം. ആര്‍. എല്ലില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറായി ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 2021 കാലയളവില്‍ എളങ്കുളത്തുള്ള വസതിയില്‍ വച്ച് നേരിട്ട് രണ്ടു ലക്ഷം രൂപയും അക്കൗണ്ട് മുഖാന്തിരം ഒന്‍പത് ലക്ഷവും ഉള്‍പ്പെടെ 11 ലക്ഷം രൂപ തട്ടിപ്പ് നടത്തിയ പരാതിയിലാണ് അറസ്റ്റ്. 

അന്വേഷണത്തില്‍ സമാന രീതിയില്‍ കേരളത്തിലുടനീളം 50-ഓളം ഉദ്യോഗാര്‍ഥികള്‍ ഇതു പോലെ കാംകോ, ചങ്ങനാശ്ശേരി എന്‍. എസ്. എസ് കോളജ്, സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കോളേജുകള്‍ എന്നിവിടങ്ങളില്‍ വിവിധ തസ്തികകളില്‍ ജോലിക്കുവേണ്ടി വന്‍തുകകള്‍ നല്‍കി വഞ്ചിതരായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. 

പ്രാഥമികാന്വേഷണത്തില്‍ തട്ടിപ്പുകാരുടെ അക്കൗണ്ട് വഴി രണ്ടു കോടിയോളം രൂപ കൈപ്പറ്റിയതായി തെളിഞ്ഞിട്ടുണ്ട്. സമാനകുറ്റത്തിന് കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ സതീഷ് ചന്ദ്രനെതിരെ കേസുകള്‍ ഉണ്ട്. 

കേരള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ മുന്‍മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ സാമ്പത്തിക ത്തിരിമറി നടത്തിയതിന്റെ പേരില്‍ അന്വേഷണ വിധേയനായിട്ടുണ്ട്. പിടികൂടുമ്പോള്‍ പ്രതിയുടെ കൈയ്യില്‍ നിന്നും ലാപ്‌ടോപ്പും പെന്‍ഡ്രൈവും കണ്ടെടുത്തു.

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കെ. സേതുരാമന്റെ നിര്‍ദ്ദേശാനുസരണം കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ്. ശശിധരന്റെ മേല്‍നോട്ടത്തില്‍ എറണാകുളം പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ പി. രാജ്കുമാറിന്റെ നേതൃത്വത്തില്‍ എറണാകുളം ടൗണ്‍ സൗത്ത് പോലീസ് ഇന്‍സ്‌പെക്ടര്‍ ഫൈസല്‍, എസ്. ശരത്ത്, ജോസി, എ. എസ്. ഐ അനില്‍, എസ്. സി. പി. ഒ സന്ദീപ്കുമാര്‍, ജിബിന്‍ലാല്‍ എന്നിവരാണ് പിടികൂടി അറസ്റ്റ് ചെയ്തത്.

Latest News