കല്‍പറ്റ-അമ്മ എടുത്ത് വെണ്ണിയോട് പുഴയില്‍ ചാടിയതിനെത്തുടര്‍ന്നു കാണാതായ അഞ്ചുവയസുകാരി ദക്ഷയ്ക്കായുള്ള തെരച്ചില്‍ തുടരുന്നു. എന്‍.ഡി.ആര്‍.എഫ് സംഘവും തുര്‍ക്കി ജീവന്‍ രക്ഷാ സമിതിയും പിണങ്ങോട് ബെറ്റ് അംഗങ്ങളും നാട്ടുകാരും സംയുക്തമായാണ് തെരച്ചില്‍ നടത്തുന്നത്. വ്യാഴാഴ്ച രാത്രിയോടെ നിര്‍ത്തിവച്ച തെരച്ചില്‍ വെള്ളിയാഴ്ച രാവിലെ പുനരാരംഭിക്കുകയായിരുന്നു.
വെണ്ണിയോട് അനന്തഗിരി ഓം പ്രകാശ്-ദര്‍ശന ദമ്പതികളുടെ മകളാണ് കല്‍പറ്റ സെന്റ് ജോസഫ്സ് സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ഥിനിയായ ദക്ഷ. അമ്മ ദര്‍ശന(32) വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് കുഞ്ഞിനെയുമെടുത്ത് വെണ്ണിയോട് പാത്തിക്കല്‍ പാലത്തില്‍നിന്നു പുഴയില്‍ ചാടിയത്. പ്രദേശവാസികള്‍ രക്ഷപ്പെടുത്തിയ ദര്‍ശന മേപ്പാടി അരപ്പറ്റ ഡോ.മൂപ്പന്‍സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗര്‍ഭിണിയായ ഇവര്‍ അപകടനില തരണം ചെയ്തതായാണ് വിവരം.
കുഞ്ഞിനെയുമെടുത്ത് പുഴയില്‍ ചാടാന്‍ ദര്‍ശനയ്ക്കു പ്രേരണയായത് എന്താണെന്നതില്‍ ഇനിയും വ്യക്തതയായില്ല. കുടുംബപ്രശ്നങ്ങള്‍ ഉള്ളതായി അറിവില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്.