ഇടുക്കി- തലശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്ക് എതിരെ വിവാദ പരാമർശവുമായി എം. എം മണി എം.എൽ.എ. റബറിന് 300 രൂപയാക്കിയാൽ ബി.ജെ.പിക്ക് എം.പിയെ ഉണ്ടാക്കികൊടുക്കാമെന്ന് ഒരു കത്തോലിക്ക ബിഷപ്പ് പറഞ്ഞു. പുള്ളീടെ കോണക ശീലയിലല്ലേ എം.പി ഇരിക്കുന്നതെന്നായിരുന്നു പരാമർശം.
നെടുങ്കണ്ടത്ത് കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മണി.
മണിപ്പൂരിൽ ക്രിസ്ത്യാനികളെ കശാപ്പ് ചെയത് തുടങ്ങിയതോടെ അത് നിന്നു. അവിടെ ബിഷപ്പുമാരെയും തട്ടും. മോദി ഒന്നാം നമ്പർ തട്ടിപ്പുകാരനാണ്. പ്രധാനമന്ത്രി ലോകം ചുറ്റി നടന്ന് എല്ലാവരെയും കെട്ടിപ്പിടിക്കും. മാർപാപ്പയെയും കെട്ടിപ്പിടിക്കും. ഇപ്പോൾ മാർപാപ്പയുടെ ആളുകളെ കശാപ്പ് ചെയ്ത് കൊണ്ടിരിക്കുകയാണ്.
ഏക സിവിൽ കോഡ് രാജ്യത്ത് ഹിന്ദുത്വം സ്ഥാപിക്കാനുള്ള നീക്കമാണ്. ഹിന്ദു വർഗീയ ആധിപത്യം സ്ഥാപിക്കാനുള്ള തത്രപ്പാടിലാണ് മോഡി. പാർലമെന്റിൽ സ്ഥാപിച്ച ദണ്ഡ് ഇന്ത്യൻ ജനതയുടെ മാറത്ത് കുത്തുന്ന ശൂലമെന്നും മണി പറഞ്ഞു.