നിലമ്പൂർ - ആദിവാസികൾക്ക് അവകാശപ്പെട്ട ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി നിലമ്പൂരിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. ആദിവാസികൾക്ക് ഭൂമി: അവകാശങ്ങൾക്കുമേൽ കത്തിവെക്കുന്നതാര്? എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ടേബ്ൾടോക്ക് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് ജോൺ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ആകെ ജനതയുടെ ഒരു ശതമാനം വരുന്ന ആദിവാസി ജനത ഇന്നും ഭൂമിയെന്ന അവകാശത്തിനുവേണ്ടി തെരുവിലാണ്. ഇത് കിടപ്പാടത്തിന്റെ മാത്രം പ്രശ്‌നമല്ല. അവരുടെ നിലനിൽപ്പിന്റെതുകൂടിയാണ് എന്നും അദ്ദേഹം പറഞ്ഞു.
ആദിവാസി സമൂഹം ഭൂമിക്കുവേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ സമരങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും പാർട്ടി പിന്തുണ പ്രഖ്യാപിച്ചു. നിലമ്പൂരിൽ സമരം നടത്തുന്ന ആദിവാസി സമൂഹത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ച്, പ്രശ്‌നം പരിഹരിക്കാൻ അധികാരികൾ തയ്യാറാവണമെന്നു പാർട്ടി ആവശ്യപ്പെട്ടു.
അഡ്വ. പി.എ. പൗരൻ, കൃഷ്ണൻ കുനിയിൽ, ശ്യാംജിത്ത്, ചിത്ര നിലമ്പൂർ, വി.എ. ഫായിസ, സുഭദ്ര വണ്ടൂർ, ബിന്ദു പരമേശ്വരൻ, ജസീം സുൽത്താൻ, മജീദ് ചാലിയാർ, മൊയ്തീൻ അൻസാരി എന്നിവർ സംസാരിച്ചു.