കോട്ടയം - മുസ്‌ലിം പളളി കമ്മിറ്റിക്കെതിരെ ജാതി വിവേചന പരാതിയുമായി യുവാവ് രംഗത്ത്. ചങ്ങനാശ്ശേരി നഗരത്തിലെ പുതൂർപ്പളളി മുസ്‌ലിം ജുമാ മസ്ജിദ് കമ്മിറ്റിക്കെതിരെയാണ് ആരോപണം.
പളളിയുടെ പൊതുയോഗത്തിൽ പങ്കെടുക്കാൻ താഴ്ന്ന ജാതിക്കാരന് അവകാശമില്ലെന്ന് കാണിച്ച് ചങ്ങനാശ്ശരിയിലെ പുതൂർപ്പളളി മുസ്‌ലിം ജമാഅത്ത് നോട്ടീസ് നല്കിയെന്നാണ് പളളിക്കു സമീപം താമസിക്കുന്ന അനീഷ് സാലി എന്ന യുവാവിന്റെ പരാതി. 200 വർഷത്തിലേറെ പഴക്കമുള്ള പളളിയുടെ പൊതുയോഗത്തിൽ പങ്കെടുത്തതിന്റെ പേരിൽ തനിക്ക് നോട്ടീസ് അയച്ചുവെന്നും ഇത് ജാതി വിവേചനമാണെന്നും ഇസ്‌ലാമിൽ ജാതിയോ ജാതി വിവേചനമോ പാടില്ലെന്നും അനീഷ് സാലി പറഞ്ഞു. വിവേചനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും സാലി വ്യക്തമാക്കി.
എന്നാൽ, നോട്ടീസ് നൽകിയെന്നത് ശരിയാണെന്നും ജാതി വിവേചനം ഉണ്ടായിട്ടില്ലെന്നും പള്ളിക്കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. വർഷങ്ങൾ പഴക്കമുളള പളളി ഭരണഘടന അനുസരിച്ചാണ് നോട്ടീസ് നല്കിയത്. ഭരണഘടന പ്രകാരം ലബ്ബമാർ, മുദ്ദീൻ, ഒസ്സാന്മാർ എന്നീ വിഭാഗക്കാരെ ജമാ അത്തിൽനിന്ന് വേതനം പറ്റുന്ന ജീവനക്കാരായാണ് പരിഗണിച്ചിരിക്കുന്നത്. അതിനാൽ ഈ വിഭാഗങ്ങളിൽപ്പെട്ടവരുടെ പിന്മുറക്കാരെ പൊതുയോഗത്തിൽ പങ്കെടുപ്പിക്കാൻ വകുപ്പില്ലെന്നാണ് പള്ളിക്കമ്മിറ്റിക്കാരുടെ വാദം. ഒപ്പം എല്ലാവരെയും പൊതുയോഗത്തിൽ ഉൾക്കൊളളുംവിധം പള്ളിക്കമ്മിറ്റിയുടെ ഭരണഘടന പരിഷ്‌കരിക്കാൻ നടപടി തുടങ്ങിയെന്നും യുവാവ് കോടതിയെ സമീപിക്കുന്നത് നല്ലതാണെന്നും അങ്ങനെ വന്നാൽ പിന്നെ ഭരണഘടനാ ഭേദഗതി ഇല്ലാതെ തന്നെ പള്ളിക്കമ്മിറ്റിയിൽ പങ്കെടുക്കാമല്ലോ എന്നും ബന്ധപ്പെട്ടവർ പ്രതികരിച്ചു.