തിരുവനന്തപുരം - തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയായ യുവതി സെല്ലിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. മറ്റൊരു അന്തേവാസി അറസ്റ്റിലായി. കഴിഞ്ഞ നവംബര്‍ 29 നാണ് ശൂരനാട് സ്വദേശി സ്മിതയെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സിറ്റി ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. മറ്റൊരു അന്തേവാസിയായ സജിത മേരി സ്മിതയെ തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഇപ്പോള്‍ അന്വേഷണത്തില്‍ തെളിഞ്ഞത്. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അസഭ്യം പറഞ്ഞതിലെ ദേഷ്യത്തിന് ഉറങ്ങിക്കിടന്ന സ്മിതയെ പാത്രം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയാണുണ്ടായതെന്ന് സജിത മേരി മൊഴി നല്‍കി. മറ്റൊരു അന്തേവാസിയായ സന്ധ്യ സജിതക്കെതിരെ ക്രൈം ബ്രാഞ്ചിന് നിര്‍ണായക മൊഴി നല്‍കിയതോടെയാണ് അന്വേഷണം സജിതക്കെതിരെ നീങ്ങിയത്.