ആലപ്പുഴ- മാവേലിക്കര സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 24.25 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പ് നടത്തിയ പ്രതിയെ ഗുജറാത്തിലെ സൂറത്തിൽ നിന്നും മാവേലിക്കര പോലീസ് സംഘം അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യ പ്രതികളിൽ ഒരാളായ ധർമ്മേന്ദ്രകുമാർ സിംഗിനെ(32)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെമാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മാവേലിക്കര പ്രായിക്കര വിളയിൽ വീട്ടിൽ സത്യദേവൻ എന്നയാളുടെ അക്കൗണ്ടിൽ നിന്നും 2021 ജൂലൈ മുതൽ ഒക്ടോബർ വരെയുളള കാലയളവിൽ ആണ് തട്ടിപ്പ് നടന്നത്. സത്യദേവന്റെ പിതൃസഹോദരന്റെ മകനായ വരുൺ വാസുദേവ് എന്നയാൾ അമേരിക്കയിൽ വെച്ച് മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പേരിൽ ന്യൂയോർക്ക് കമ്യൂണിറ്റി ബാങ്കിൽ 75 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്നും അതിന്റെ അവകാശിയായി സത്യദേവന്റെ പേരാണ് നൽകിയിട്ടുളളതെന്നും ആ തുക സത്യദേവന് ലഭിക്കുമെന്നും പറഞ്ഞ് നിരവധി തവണ പ്രതികൾ സത്യദേവനെ ഓൺലൈനായി ബന്ധപ്പെട്ടിരുന്നു. സർവ്വീസ് ചാർജ്ജുകൾ അടച്ചാൽ മാത്രമേ പണം ലഭിക്കുകളളൂ എന്ന് പ്രതികൾ സത്യദേവനെ അറിയിച്ചതു പ്രകാരം, പല തവണകളായി സത്യ ദേവനിൽ നിന്നും പ്രതികൾ ഓൺലൈനായി പണം തട്ടിയെടുത്തു. അതിനു വേണ്ടി വിവിധ സർക്കാർ ഏജൻസികളുടെ വ്യാജ മുദ്ര പതിച്ച ലെറ്ററുകൾ സത്യദേവന് അയച്ചുകൊടുത്തു. അതിൽ വിശ്വസിച്ച ഇയാൾ പിന്നീട് പ്രതികൾ ആവശ്യപ്പെട്ടപ്പോഴെല്ലാം പണം നൽകുകയുണ്ടായി. പിന്നീടാണ് താൻ കബളിപ്പിക്കപ്പെടുകയാണെന്ന് സത്യദേവന് മനസ്സിലായത്. തട്ടിപ്പ് മനസ്സിലാക്കിയ സത്യദേവൻ 2022 മാർച്ച് മൂന്നിന് മാവേലിക്കര പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് കേസ്സ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. 2022 മെയ് മാസത്തിൽ മാവേലിക്കര പോലീസ് സംഘം, തട്ടിപ്പിന് പ്രതികൾ ഉപയോഗിച്ച ബാങ്ക് അക്കൌണ്ട് വിവരങ്ങൾ പിൻതുടർന്ന് ഡൽഹി, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ അന്വേഷണം നടത്തിയതിൽ, പ്രതികൾ വ്യാജ മേൽവിലാസങ്ങളും തിരിച്ചറിയൽ കാർഡുകളും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘമാണെന്ന് പോലീസിന് തെളിവുകൾ ലഭിച്ചു. തട്ടിയെടുത്ത പണം, പ്രതികൾ അവരുടെ കൂട്ടു പ്രതികളുടെ അക്കൗണ്ടുകളിലേക്ക് മറ്റിയിട്ടുളളതായി കണ്ടെത്താൻ കഴിഞ്ഞു. പോലീസിലെ സാങ്കേതിക വിദഗ്ധരുടെ സഹായം ഉപയോഗിച്ച് പ്രതികൾ തട്ടിപ്പു നടത്തുന്ന രീതികൾ മനസ്സിലാക്കുകയും പ്രതികൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് തട്ടിപ്പു നടത്തുന്നവരാണെന്ന് പോലീസ് തിരിച്ചറിഞ്ഞു.ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശ പ്രകാരം ,മാവേലിക്കര പോലീസ് ഇൻസ്‌പെക്ടർ സി ശ്രീജിത്ത് മാവേലിക്കര പോലീസ് സബ്ബ് ഇൻസ്‌പെക്ടർ ഇ നൗഷാദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുഭാഷ് എൻ എസ്സ്, വിനോദ്കുമാർ ആർ, ശ്രീജിത്ത് എസ്സ് എന്നിവർ ഉൾപ്പെട്ട സംഘം , പ്രതികളിൽ ഒരാൾ ഗുജറാത്തിലെ സൂറത്തിൽ ഉണ്ടെന്നും ഇയാളെ കണ്ടെത്തിയാൽ മറ്റു പ്രതികളെയും കൂടുതൽ തെളിവുകളും കണ്ടെത്താൻ കഴിയുമെന്ന് മനസ്സിലാക്കി സൂറത്തിൽ എത്തി.വളരെ വിദഗ്ധമായി അന്വേഷണം നടത്തി ഈ മാസം ഒമ്പതിന് പ്രതിയെ സൂറത്തിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബാക്കിയുള്ള പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയതായി പോലീസ് പറഞ്ഞു.