റിയാദ്- വാഹനം കളവുപോയെന്ന കേസില്‍ കുടുങ്ങിയ മലപ്പുറം എടപ്പാള്‍ സ്വദേശി മങ്ങാരത്ത് നാരായണനുവേണ്ടി കേസ് ഏറ്റെടുത്ത പ്രമുഖ സാമൂഹ്യ, സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകന്‍ ലത്തീഫ് തെച്ചിക്ക് ഇടക്കാല ജാമ്യം. തന്റെ പാസ്‌പോര്‍ട്ടും ഇഖാമയും നല്‍കി നാരായണന് വേണ്ടി ജാമ്യം നിന്ന ലത്തീഫ് തെച്ചിക്ക് ജാമ്യം ലഭിച്ചതോടെ അദ്ദേഹം ഇന്ന് നാട്ടിലേക്ക് പോകും.
നാരായണന്‍ റിയാദിലെ നസീം സര്‍വീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്നതിനിടെ ഉണ്ടായ കേസില്‍ അഞ്ചു വര്‍ഷവും എട്ടു മാസവും മലാസ് ജയിലില്‍ കഴിഞ്ഞു. അവിടെനിന്ന് ഇറങ്ങി എന്ത് ചെയ്യണമെന്നറിയാതെ പെരുവഴിയിലായ നാരായണന്റെ കഥ സഹപ്രവര്‍ത്തകര്‍ മുഖേനയാണ് ലത്തീഫ് തെച്ചി അറിഞ്ഞത്.
ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയെങ്കിലും വാഹന ഉടമ നഷ്ടപരിഹാരം ആവശ്യപെട്ടു മേല്‍ക്കോടതിയെ സമീപിച്ചതിനാല്‍ നാരായണന്‍ യാത്രാ വിലക്ക് നേരിടുകയായിരുന്നു. നഷ്ടപ്പെട്ട വാഹനത്തിനു പകരം 1,15,000 റിയാല്‍ ആവശ്യപ്പെട്ട വാഹനമുടമ ലത്തീഫ് തെച്ചിയുടെ നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്‍ത്തകരുടെ ഇടപെടലില്‍ 60,000 റിയാല്‍ ആയി കുറക്കാന്‍ സമ്മതിച്ചെങ്കിലും ആ തുക അടക്കാതെ നാട്ടില്‍ പോകാന്‍ കഴിയാത്ത അവസ്ഥ ആയിരുന്നു.
തുടര്‍ന്ന് പ്ലീസ് ഇന്ത്യ (പ്രവാസി ലീഗല്‍ എയ്ഡ് സെല്‍) ചെയര്‍മാന്‍കൂടിയായ ലത്തീഫ് തെച്ചിയുടെ നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചു. ലത്തീഫ് തെച്ചിയെ വക്കാലത്ത് ഏറ്റെടുക്കാന്‍ അനുവദിച്ച് കോടതി നാരായണന്റെ യാത്രാവിലക്ക് നീക്കുകയും 2016 മാര്‍ച്ച് 10 നു ഇദ്ദേഹം സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു.
സ്വന്തം പാസ്‌പോര്‍ട്ടിലും ഇഖാമയിലും ജാമ്യം നിന്ന ലത്തീഫ് തെച്ചി അക്ഷരാര്‍ഥത്തില്‍ നാരായണന്റെ കേസ് സ്വയം ഏറ്റെടുക്കുകയായിരുന്നു. എട്ടു വര്‍ഷവും നാലു മാസവുമായി നടന്നു വരുന്ന കേസ്, മൂന്നുവര്‍ഷവും നാലു മാസവും ലത്തീഫ് തെച്ചി നേരിട്ട് നടത്തി വരികയായിരുന്നു. അതിനാല്‍ അദ്ദേഹത്തിന് യാത്രാവിലക്ക് നേരിടുകയും വര്‍ഷങ്ങളായി നാട്ടില്‍ പോകാനാകാതെ വരികയുമായിരുന്നു. ഇതിനിടെ സൗദിയിലെ വിവിധ സംഘടനകളും കൂട്ടായ്മയും പണമടച്ചു യാത്രാവിലക്ക് നീക്കാന്‍ തയാറായപ്പോള്‍. നാരായണന്‍ നിരപരാധി ആണെന്നും അതിനാല്‍ പണമടച്ചു കേസില്‍നിന്നു രക്ഷപ്പെട്ടാല്‍ ഇനിയും പ്രവാസികള്‍ക്ക് ഇതുപോലുള്ള അവസ്ഥ വരും എന്നും ചൂണ്ടിക്കാട്ടി പ്ലീസ് ഇന്ത്യ നേതൃത്വത്തില്‍ കേസുമായി മുന്നോട്ടു പോവുകയുമായിരുന്നു.
ജാമ്യം അനുവദിച്ചു കൊണ്ടുള്ള വിധി കേട്ട ശേഷം സത്യം ജയിച്ചു, എന്നും നീതി പുലര്‍ന്നു എന്നും പറഞ്ഞ അദ്ദേഹം പിന്തുണച്ചവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും നന്ദി അറിയിച്ചു. ഇന്ന് തന്നെ തെച്ചി നാട്ടിലേക്ക് തിരിക്കും.
29 വര്‍ഷമായി റിയാദ് കോണ്‍ഫറന്‍സ് പാലസ് സീനിയര്‍ സൂപ്പര്‍ വൈസര്‍ ആണ് ലത്തീഫ് തെച്ചി. അല്‍യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ സൂപ്രണ്ടായ റഹീന ആണ് ഭാര്യ. ഈ വര്‍ഷം റിയാദ് ഇന്ത്യന്‍ സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കി കോഴിക്കോട് ഫാറൂഖ് കോളജില്‍ ബിരുദപഠനത്തിന് ചേര്‍ന്ന അമലും റിയാദ് എംബസി അല്‍ യാസ്മിന്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി ആഷിഖ് മുഹമ്മദും ആറില്‍ പഠിക്കുന്ന ഷൈമയും മക്കളാണ്.