Sorry, you need to enable JavaScript to visit this website.

ചങ്ങനാശ്ശേരി പുതൂർപള്ളി ജമാഅത്തിനെതിരായ ആരോപണം വസ്തുതാവിരുദ്ധമെന്ന്

കോട്ടയം- ചങ്ങനാശ്ശേരി പുതൂർപള്ളി മുസ്‌ലിം ജമാഅത്തിനെതിരെ ചില കേന്ദ്രങ്ങളിൽനിന്നും ഉയർന്നു വന്ന ആരോപണങ്ങളും വസ്തുതകൾക്ക് നിരക്കാത്ത അഭിപ്രായ പ്രകടനവും തികച്ചും അടിസ്ഥാനരഹിതവും ജമാഅത്തിനെ അപകീർത്തിപെടുത്താനുള്ള ശ്രമവും ആണെന്ന് അധികൃതർ. 
ജമാഅത്തിൽ ബാർബർ, ലബ്ബ വിഭാഗങ്ങൾക്ക് പ്രവേശനം അനുവദിക്കുന്നില്ലെന്നതു സംബന്ധിച്ച് ആരോപണത്തിനു പിന്നിലെ വസ്തുതകൾ മനസ്സിലാക്കണം. ആദ്യകാല നിയമാവലി തയാറാക്കുന്ന കാലത്ത് ലബ്ബമാർ, മുദ്ദീൻ, ഒസ്താമാർ എന്നിവർ ജമാഅത്തിൽ നിന്നും വേതനം കൈപറ്റുന്ന ജീവനക്കാരായാണ് പരിഗണിച്ചിരുന്നത്. ആയതിനാലാണ് ജമാഅത്ത് കമ്മിറ്റിയിലും, പൊതുയോഗത്തിലും ഉൾപ്പെടാൻ കഴിയില്ലെന്ന വകുപ്പ് ഉൾകൊള്ളിച്ചിരുന്നത്. 


1995 ൽ നിയമാവലി ഭേദഗതി ചെയ്തപ്പോഴും ഇവർക്കു കൂടി അംഗത്വവും വോട്ടവകാശവും നൽകണമെന്ന് ഇവരിൽ നിന്നും ആവശ്യം ഉയർന്നു വന്നിട്ടില്ലെന്ന് പ്രസിഡന്റ പി.എസ്. മുഹമ്മദ് ബഷീർ, സെക്രട്ടറി എം.എച്ച്.എം. ഹനീഷ് എന്നിവർ അറിയിച്ചു. കാലഘട്ടത്തിന് അനുസൃതമായി നിയമാവലിയിൽ കാലോചിതമായ മാറ്റംവരുത്തുന്നതിന് നിലവിലെ പരിപാലന കമ്മിറ്റി മാസങ്ങളായി ശ്രമം നടത്തി വരികയാണ്. അതിനിടയിലാണ് പുതിയ വിവാദം.


ജമാഅത്തിന്റെ പരമാധികാര സഭയായ പൊതുയോഗത്തിൽ പതിവിന് വിപരീതമായി അംഗത്വമോ വോട്ടവകാശമോ ഇല്ലാത്ത ഒരു വ്യക്തി പ്രവേശിച്ച് ഹാജർ രേഖപെടുത്തിയാൽ പൊതുയോഗ നടപടികൾ റദ്ദാവും. അങ്ങനെ പ്രവേശിച്ച വ്യക്തിക്ക് ഇത് ആവർത്തിക്കരുത് എന്ന് കാണിച്ച് ജമാഅത്തിനു വേണ്ടി സെക്രട്ടറി നൽകിയ കത്ത് പ്രചരിപ്പിച്ച് വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. 
ഇരുനൂറുവർഷമായിട്ടുള്ള നിയമാവലി അനുസരിച്ചാണ് കാര്യങ്ങൾ ചെയ്യുന്നത്. നിയമാവലി ചങ്ങനാശ്ശേരി സബ് രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തതാണ്. കേരള വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തു പ്രവർത്തിച്ചു വരുന്ന പുതൂർപള്ളി ജമാഅത്ത് നിയമാവലിയിലെ 16-ാം വകുപ്പ് ഉപവകുപ്പ് പ്രകാരമാണ് കത്ത് നൽകിയത്.


പരമ്പരാഗത ജമാഅത്ത് അംഗങ്ങളെ പോലെ വോട്ടവകാശവും പൊതുയോഗ പ്രവേശനവും ജമാഅത്ത് നിയമാവലിയിൽ ഭേദഗതി വരുത്താതെ സാധ്യമാകുകയില്ലല്ലോ. 
അതിനുള്ള പ്രവർത്തനങ്ങളുമായി 51 അംഗ നിയമാവലി കമ്മിറ്റി മുന്നോട്ടു പോകുമ്പോൾ ഒരു വിഭാഗം മുസ്‌ലിം ജന സാമാന്യത്തെ ഭ്രഷ്ട് കൽപിച്ച് മാറ്റി നിർത്തുന്നു എന്ന യാതൊരു അടിസ്ഥാനവും ഇല്ലാത്ത കിംവദന്തി പരത്തി മധ്യ തിരുവിതാംകൂറിലെ ഏറ്റവും വലിയ ജമാഅത്തിനെ സമൂഹമധ്യത്തിൽ കരിതേച്ചു കാണിക്കുവാനുള്ള കുൽസിത ശ്രമം ഏതു ഭാഗത്തു നിന്നു ഉണ്ടായാലും അത് നീതീകരിക്കാനാവില്ല. 

Latest News