തിരൂര്‍- സിപിഎം-ലീഗ് സംഘര്‍ഷത്തിന് അയവു വന്ന തിരൂരിനടുത്ത കൂട്ടായില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിന് അജ്ഞാതര്‍ തീയിട്ടു. വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ 16കാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് തീവയ്പ്പുണ്ടായത്. പെണ്‍കുട്ടിയുടെ നിലവിളി കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. ശരീരത്തില്‍ 40 ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിനു പിന്നില്‍ ആരെന്നു വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
നേരത്തെ സിപിഎം-ലീഗ് സംഘര്‍ഷത്തിനിടെ ഇതേ വീട് ആക്രമിക്കപ്പെട്ടിരുന്നു. സിപിഎം പ്രവര്‍ത്തകനായ കുറിയന്റെ പുരക്കല്‍ സൈനുദ്ദീന്റെ വീടാണിത്. പ്രദേശത്തെ ഇരു പാര്‍ട്ടികളുടേയും സംയുക്ത സമാധാന സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീവയ്പ്പിനു പിന്നില്‍ രാഷ്ട്രീയമാണോ എന്നു വ്യക്തമായിട്ടില്ല.