ദോഹ - പ്രവാസി പെൻഷൻ വാങ്ങുന്നവർ എല്ലാവർഷവും സമർപ്പിക്കേണ്ട ലൈഫ് സർട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാനുള്ള അധികാരം പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർമാർക്കും നൽകുമെന്ന് കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർമാൻ കെ.വി അബ്ദുൽ ഖാദർ പറഞ്ഞു. പെൻഷൻ വാങ്ങുന്നവർ എല്ലാവർഷവും മാർച്ച് മാസത്തിൽ സമർപ്പിക്കേണ്ട ആൾ ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കുന്ന രേഖയാണ് ലൈഫ് സർട്ടിഫിക്കറ്റ്. നിലവിൽ ഇത് നാട്ടിൽ ഗസറ്റഡ് ഓഫീസർമാരാണ് അറ്റസ്റ്റ് ചെയ്യുന്നത്. പ്രവാസികൾ എംബസികൾ വഴി ചെയ്യുമ്പോൾ ഫീസ് ഉൾപ്പെടെ നൽകേണ്ടി വരുന്നുണ്ട്. ഈ വിഷയം മാധ്യമപ്രവർത്തകർ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് ചെയർമാൻ ഇങ്ങനെ പ്രതികരിച്ചത്. ഇത് സംബന്ധമായി കൃത്യമായ ഉത്തരവ് ഉടൻ ഇറക്കുമെന്നും അദ്ദേഹം പറഞ്ഞു.