ദമാം - സ്‌പോൺസർ മാറി ജോലി ചെയ്ത 3,654 വിദേശികളെ ഈ വർഷം രണ്ടാം പാദത്തിൽ കിഴക്കൻ പ്രവിശ്യയിൽ നിന്ന് സുരക്ഷാ വകുപ്പുകൾ പിടികൂടി. തൊഴിൽ നിയമത്തിലെ 39-ാം വകുപ്പ് ലംഘിച്ച് സ്‌പോൺസർക്കു കീഴിലല്ലാതെ സ്വന്തം നിലക്ക് ജോലിയിലേർപ്പെട്ടവരും തൊഴിൽ സ്ഥലങ്ങളിൽ നിന്ന് ഒളിച്ചോടിയവരുമാണ് വിവിധ സുരക്ഷാ വകുപ്പുകൾ സഹകരിച്ച് സംയുക്തമായി നടത്തിയ റെയ്ഡുകളിൽ പിടിയിലായത്. നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ബന്ധപ്പെട്ട വകുപ്പുകൾ നിയമ ലംഘകരിൽ ഒരു ഭാഗത്തെ നാടുകടത്തി. ശേഷിക്കുന്നവരെ നാടുകടത്താൻ നടപടികൾ സ്വീകരിച്ചുവരികയാണ്. ഇവരെ ജോലിക്കു വെച്ചവർക്കും തൊഴിലുടമകൾക്കുമെതിരെയും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നുണ്ട്.