റിയാദ് - വേലക്കാരികളോട് മോശമായി പെരുമാറിയതിന് റിയാദ് ബംഗ്ലാദേശ് എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടതായി ബംഗ്ലാദേശ് വിദേശ മന്ത്രാലയം അറിയിച്ചു. എംബസിക്കു കീഴിലെ അഭയ കേന്ദ്രത്തിൽ കഴിയുന്ന വേലക്കാരികളോട് മോശമായി പെരുമാറിയതായി തെളിഞ്ഞതിനെ തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. മോശം പെരുമാറ്റം മൂലം 2021 ൽ ഈ ഉദ്യോഗസ്ഥന് വാണിംഗ് നൽകിയിരുന്നു.
വേലക്കാരികളിൽ നിന്ന് ഉദ്യോഗസ്ഥനെതിരെ എംബസിക്ക് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെതിരെ വിദേശ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വർഷാവസാനം വരെ അന്വേഷണം തുടർന്നു. അഭയ കേന്ദ്രത്തിൽ കഴിയുന്ന വേലക്കാരികളോട് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയതായി അന്വേഷണങ്ങളിൽ വ്യക്തമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെ പിരിച്ചുവിടാനുള്ള അന്തിമ തീരുമാനം വിദേശ മന്ത്രാലയം കൈക്കൊണ്ടത്.