റിയാദ്- പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ ഹംഗര്‍ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമുപയോഗിച്ച് ഇനി മുതല്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സൗദിയിലെ 32 ശാഖകളില്‍ നിന്നുമുള്ള സാധനങ്ങള്‍ വാങ്ങുന്നതിന് ഉപഭോക്താക്കള്‍ക്ക് ഓര്‍ഡര്‍ ചെയ്യാം. ഹംഗര്‍ സ്‌റ്റേഷന്റെ ഹോം ഡെലിവറി മുഖേന എല്ലാ ലുലു ഗ്രോസറി ഉല്‍പന്നങ്ങളും നേരിട്ട് വീടുകളില്‍ എത്തിക്കാനുള്ള സൗകര്യമാണ് സജ്ജീകരിച്ചത്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നുള്ള പര്‍ച്ചേസിംഗ് സൗകര്യം കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് പ്രമുഖ ഫുഡ് ബ്രാന്‍ഡായ ഹംഗര്‍ സ്‌റ്റേഷനുമായി കൈകോര്‍ത്ത് ഇത്തരമൊരു ഓണ്‍ലൈന്‍ ഡെലിവറി സിസ്റ്റത്തിനുള്ള കരാറില്‍ ഇരുകൂട്ടരും ഒപ്പു വെച്ചത്. ആവശ്യക്കാര്‍ക്ക് നേരിട്ട് ഓണ്‍ലൈന്‍ വഴി ഓര്‍ഡര്‍ ചെയ്ത് സാധനങ്ങള്‍ പെട്ടെന്ന് വീടുകളില്‍ എത്തുന്നതിനുള്ള കരാറില്‍ ലുലുവിനെ പ്രതിനിധീകരിച്ച് ലുലു സൗദി ഡയരക്ടര്‍ ഷഹീം മുഹമ്മദും ഹംഗര്‍ സ്‌റ്റേഷനെ പ്രതിനിധീകരിച്ച് ക്വിക്ക് കൊമേഴ്‌സ് സീനിയര്‍ ഡയരക്ടര്‍ ഗൊഫ്‌റാന്‍ ദൈനിയുമാണ് ഒപ്പു വെച്ചത്.
ഹംഗര്‍ സ്‌റ്റേഷനുമായുള്ള ഡെലിവറി പങ്കാളിത്തത്തിലൂടെ റീട്ടെയില്‍ ബിസിനസ് രംഗത്തെ ലുലുവിന്റെ യശസ്സുയര്‍ത്താനും ഇ. കൊമേഴ്‌സ് മേഖലയിലെ പുതിയ പ്രവണതക്കൊപ്പം ബഹുദൂരം മുന്നോട്ടു നീങ്ങാനുമുള്ള പാതയാണ് തുറന്നിടുന്നതെന്ന് ലുലു ഡയരക്ടര്‍ ഷഹീം മുഹമ്മദ് പ്രസ്താവിച്ചു. ഹംഗര്‍ സ്‌റ്റേഷനെപ്പോലെ ഖ്യാതി നേടിയ ഫുഡ് ബ്രാന്‍ഡിന്റെ വിതരണ സേവനം കൂടി ലഭ്യമാകുന്നതോടെ ഓണ്‍ലൈന്‍ എക്‌സ്പ്രസ് വാട്‌സാപ്പ് ഡെലിവറി സംവിധാനങ്ങളിലൂടെ രാജ്യത്തെ ലുലു ഉപഭോക്താക്കളെ സംതൃപ്തരാക്കുന്നതിന്റെ പുതിയൊരു മേഖലയിലേക്ക് ലുലു പ്രവേശിച്ചിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.