കൊച്ചി - മദ്യപിച്ചുണ്ടായ വാക്തര്‍ക്കത്തെ തുടര്‍ന്ന് ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കഴുത്ത് ഞെരിച്ചു കൊന്നു. ബംഗാള്‍ സ്വദേശിയായ ആസാദാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളോടൊപ്പമുണ്ടായിരുന്ന ബംഗാള്‍ സ്വദേശി തന്നെയായ സക്കീറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ കൊച്ചിയിലെ മസ്ജിദ് റോഡിലെ ഇവരുടെ താമസസ്ഥലത്താണ് സംഭവം നടന്നത്. ഇരുവരും ചൊവ്വാഴ്ചയാണ് കൊച്ചിയിലെത്തിയത്. പുലര്‍ച്ചെ ഇവര്‍ തമ്മില്‍ ബഹളമുണ്ടായത് അയല്‍ക്കാര്‍ കേട്ടിരുന്നു. ആളുകള്‍ ഓടിയെത്തിയെങ്കിലും മുറിക്കുള്ളിലേക്ക് കടക്കാന്‍ സക്കീര്‍ അനുവദിച്ചില്ല. ഒടുവില്‍ പോലീസ് എത്തി മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോഴാണ് ആസാദിനെ രക്തത്തില്‍ കുളിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.