ദുബായ്- എന്‍.എം.സി ഹെല്‍ത്ത്കെയര്‍ സ്ഥാപകന്‍ ബി.ആര്‍ ഷെട്ടിക്കും അതിന്റെ മുന്‍ ചീഫ് എക്സിക്യൂട്ടീവിനും എതിരെ 400 കോടി ഡോളറിന്റെ വഞ്ചന ആരോപിച്ച് കേസ് ഫയല്‍ ചെയ്തതായി കമ്പനി അധികൃതര്‍ അറിയിച്ചു.
എന്‍.എം.സി ഹെല്‍ത്ത് കെയറിലെ വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ബി.ആര്‍. ഷെട്ടി, പ്രശാന്ത് മങ്ങാട്, ബാങ്ക് ഓഫ് ബറോഡ എന്നിവര്‍ക്കെതിരെ യു.കെയിലും അബുദാബിയിലും നിയമപരമായ ക്ലെയിമുകള്‍ ഫയല്‍ ചെയ്തിട്ടുള്ളതായി അല്‍വാരസ് ആന്‍ഡ് മാര്‍സല്‍ യൂറോപ്പിന്റെ മാനേജിംഗ് ഡയറക്ടറും ജോയിന്റ് അഡ്മിനിസ്‌ട്രേറ്ററുമായ റിച്ചാര്‍ഡ് ഫ്‌ളെമിംഗ് പറഞ്ഞു.
'എന്‍.എം.സിക്ക് മുമ്പ് വെളിപ്പെടുത്താത്ത 400 കോടി ഡോളറിലധികം കടം ഉണ്ടെന്ന് കണ്ടെത്തിയതിന് ശേഷം അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ എന്ന നിലയില്‍ തങ്ങള്‍ ചെയ്ത പ്രവര്‍ത്തനത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണിതെന്നും ഫ്‌ളെമിംഗ് പറഞ്ഞു. കോടതി നടപടികള്‍ നടന്നുകൊണ്ടിരിക്കുന്നു, ഈ ഘട്ടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.