Sorry, you need to enable JavaScript to visit this website.

മുതലപ്പൊഴി എന്ന മരണക്കെണി, ഇതുവരെ മരിച്ചത് 69 മത്സ്യത്തൊഴിലാളികള്‍, ക്ഷോഭിക്കുന്നതില്‍ തെറ്റുണ്ടോ...

തിരുവനന്തപുരം- നാലു പേര്‍ മരിക്കാനും മത്സ്യത്തൊഴിലാളികളും സര്‍ക്കാരും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമാക്കാനും ഇടയാക്കിയ മുതലപ്പൊഴി ദുരന്തമാണ് ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്നത്. തിരുവനന്തപുരം മുതലപ്പൊഴിയില്‍ ഉണ്ടായ ബോട്ട് അപകടത്തില്‍ 4 വിലപ്പെട്ട മനുഷ്യജീവനുകളാണ് കഴിഞ്ഞ ദിവസം നഷ്ടമായത്.
2006 ല്‍ പുലിമുട്ടിന്റെ നിര്‍മാണം പൂര്‍ത്തിയായ ശേഷം സ്ഥലത്ത് ഉണ്ടായ 125 അപകടങ്ങളില്‍പ്പെട്ട്  ഇതുവരെ 69 മത്സ്യത്തൊഴിലാളികളാണ് മരണപ്പെട്ടതെന്ന് കണക്കുകള്‍ പറയുന്നു. എഴുനൂറിലേറെ പേര്‍ പരുക്കേറ്റ് കഴിയുന്നു. പുലിമുട്ടിന്റെ അശാസ്ത്രീയ നിര്‍മിതിയാണ് ഭൂരിഭാഗം പേരുടെയും മരണത്തിന് കാരണമായതെന്ന്  ആക്ഷേപമുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ തീരപ്രദേശമായ പെരുമാതുറയിലെ ഒരു പൊഴിയാണ് മുതലപ്പൊഴി. വാമനപുരം പുഴ കഠിനംകുളം കായല്‍ വഴി കടലില്‍ പതിക്കുന്നിടമാണിവിടം. ശംഖുമുഖം- വേളി-തുമ്പ റോഡ് നേരെ ചെന്നെത്തുന്നത് മുതലപ്പൊഴിയിലാണ്.
കഠിനംകുളം കായലും അറബിക്കടലും അതിരുടുന്ന മുതലപ്പൊഴിയില്‍ 2006 ലാണ് പുലിമുട്ട് നിര്‍മ്മാണം നടക്കുന്നത്. ഇതുവരെ ചെറുതും വലുതമായ 125 അപകടങ്ങളില്‍പ്പെട്ടത് 700 ഓളം മത്സ്യത്തൊഴിലാളികളാണ്

ഉയര്‍ന്നു പൊങ്ങുന്ന തിരമാലകളില്‍പ്പെട്ട് ബോട്ടുകളുടെ നിയന്ത്രണം തെറ്റുന്നതാണ് അപകടകാരണം. തിരയുടെ ശക്തിയില്‍പ്പെട്ട് ബോട്ട് പൊഴിയുടെ ഇരുഭാഗത്തുമുള്ള പാറക്കല്ലിലും ടെട്രോപാഡിലും ഇടിച്ച് തകരും. പാറക്കല്ലുകളില്‍ തലയിടിച്ചാണ് ഏറെയും മരണം സംഭവിക്കുന്നത്.  അപകടത്തില്‍പ്പെടുന്നവരെ ഉടനടി രക്ഷിക്കാനുള്ള സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് ഇത്രയധികം പേര്‍ മരിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. തീരദേശ പോലീസ് സംവിധാനവും പരാജയമാണ്. അഞ്ചുതെങ്ങിലെ കോസ്റ്റല്‍ പോലീസിന്റെ ബോട്ട് പ്രവര്‍ത്തനം നിലച്ചിട്ട് മാസങ്ങളായി.
മണല്‍ അടിയുന്ന പൊഴി ആയതിനാല്‍ നാവിക സേന, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബോട്ടുകള്‍ക്ക് ഇവിടേക്ക് അടുക്കാന്‍ കഴിയില്ല . കടലില്‍ ഇറങ്ങി പരിചയമുള്ള മുങ്ങല്‍ വിദഗ്ധരെയും നാട്ടുകാരായ മത്സ്യത്തൊഴിലാളി ഗാര്‍ഡുകളെയും ഉള്‍പ്പെടുത്തിയുള്ള രക്ഷാദൗത്യം മാത്രമാണ് മുതലപ്പൊഴിയില്‍ പ്രായോഗികമെന്നാണ് പ്രദേശവാസികള്‍ പറയുന്നു. പ്രാദേശിക പരമ്പരാഗത മീന്‍പിടിത്ത തൊഴിലാളികളുടെ അഭിപ്രായം കൂടി മാനിച്ച് പുലിമുട്ടുകള്‍ നിര്‍മിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ അശാസ്ത്രീയത ഉണ്ടാകുമായിരുന്നില്ല.
പലപ്പോഴായി പുലിമുട്ടുകളുടെ നീളം കുറയ്ക്കുകയും കൂട്ടുകയും ചെയ്തതിന്റെ ഫലമായി അഴിമുഖത്തെ വീതി പകുതിയായി കുറഞ്ഞു. കൂടാതെ പുലിമുട്ടുകളിലെ ടെട്രാപോട് കല്ലുകള്‍ അടര്‍ന്ന് കടലില്‍ വീഴുകയും ചെയ്തു. ഇക്കാരണങ്ങള്‍കൊണ്ട് വന്‍ തോതിലുള്ള മണല്‍ നിക്ഷേപമാണ് അഴിമുഖത്തുണ്ടാകുന്നത്. ഇതാണ് അപകടങ്ങള്‍ക്ക് വഴിവെക്കുന്നത്. നിലവിലുള്ള പുലിമുട്ടുകളുടെ നീളം 40 മീറ്ററില്‍നിന്ന് 90 മീറ്ററാക്കുക എന്നതാണ് ആവശ്യം.

 

 

 

Latest News