കൊച്ചി - മഹാരാജാസ് കോളേജിന്റെ പേരില്‍ മുന്‍ എഫ് ഐ നേതാവ് കെ.വിദ്യ തയ്യാറാക്കിയ വ്യാജ പരിചയ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് പൊലീസ് കണ്ടെത്തി. പാലാരിവട്ടത്തെ ഒരു ഇന്റര്‍നെറ്റ് കഫേയില്‍ നിന്നാണ് പകര്‍പ്പ് ലഭിച്ചത്. മൊബൈല്‍ ഫോണില്‍ തയ്യാറാക്കിയ വ്യജ സര്‍ട്ടിഫിക്കറ്റ് ഈ കഫേയില്‍ നി്ന്നാണ് പ്രിന്റ് എടുത്തത്. ഗൂഗിളിന്റെ സഹായത്തോടെയാണ് പകര്‍പ്പ് എടുത്ത കട പോലീസ് കണ്ടെത്തിയത്. കഫേ നടത്തിപ്പുക്കാരന്റെ മൊഴി അഗളി പോലിസ് രേഖപ്പെടുത്തി. പ്രിന്റ് എടുത്ത സര്‍ട്ടിഫിക്കറ്റ് അട്ടപ്പാടി ചുരത്തില്‍ കീറി എറിഞ്ഞുവെന്നാണ് വിദ്യ പോലീസിന് മൊഴി നല്‍കിയിരുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് കണ്ടെത്തിയത് കേസില്‍ വഴിത്തിരിവാകും. ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് അട്ടപ്പാടി കോളേജില്‍ ഗസ്റ്റ് ലക്ച്വര്‍ നിയമനത്തിലെ അഭിമുഖത്തിന് എത്തിയപ്പോഴാണ് മഹാരാജാസ് കോളേജിന്റെ പേരിലുള്ള സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്. എന്നാല്‍ ഈ സര്‍ഫിക്കറ്റ് ഉപയോഗിച്ച് കാസര്‍കോട്ടെ കരിന്തളം കോളേജില്‍ വിദ്യ ഗസ്റ്റ് ലക്ച്വറര്‍ ആയി നേരത്തെ ജോലി ചെയ്തിരുന്നു. വ്യാജ രേഖ ചമച്ചത് സുഹൃത്തായ ഉദ്യോഗാര്‍ത്ഥിയുടെ സീനിയോറിറ്റി മറികടക്കാനെന്ന് വിദ്യ പോലീസിന് മൊഴി നല്‍കിയിരുന്നു. കരിന്തളം കോളജില്‍ നിയമനത്തിന് തന്നേക്കാള്‍ അര്‍ഹതയുണ്ടായിരുന്നത് മാതമംഗലം സ്വദേശിയും മൂന്ന് വര്‍ഷത്തിലേറെയായി തന്റെ സുഹൃത്തുമായ കെ രസിതക്കായിരുന്നുവെന്ന് വിദ്യ അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു. ഇത് മറി കടന്ന് ജോലി ലഭിക്കാനാണ് വ്യാജ രേഖ ചമച്ചത്. ഈ രേഖയുടെ അടിസ്ഥാനത്തിലാണ് ജോലി ലഭിച്ചത്. കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ കെ വിദ്യയുടെ സീനിയറായിരുന്നു രസിത. 2021 ല്‍ കരിന്തളം കോളജില്‍ ഇരുവരും അഭിമുഖത്തിനെത്തിയത് ഒരുമിച്ചാണ്. കരിന്തളത്ത് രസിത അഭിമുഖത്തിന് എത്തുമെന്ന് അറിഞ്ഞതിനാല്‍ വ്യാജരേഖ ചമയ്ക്കുകയായിരുന്നുവെന്നാണ് വിദ്യ പൊലീസിനോട് പറഞ്ഞത്. വ്യാജരേഖ ഉണ്ടാക്കിയത് മൊബൈല്‍ ഫോണില്‍ ആരുടേയും സഹായമില്ലാതെയാണെന്നും ഇതിന്റെ ഒറിജിനല്‍ നശിപ്പിച്ചുവെന്നും വിദ്യ പറഞ്ഞിരുന്നു. വ്യാജ രേഖ ഉണ്ടാക്കിയ ഫോണ്‍ പിന്നീട് തകരാറ് സംഭവിച്ചതിനെ തുടര്‍ന്ന് ഉപേക്ഷിച്ചതായാണ് വിദ്യയുടെ മൊഴി.