കോട്ടയം- ഇടതുമുന്നണിയും ബി.ജെ.പിയും കോട്ടയത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളിൽ. കഴിഞ്ഞ ദിവസങ്ങളിൽ ബി.ജെ.പി ജില്ലാ ഘടകം കൂടുതൽ സജീവമായപ്പോൾ ഇടതുമുന്നണി ഘടകകക്ഷിയായ കേരള കോൺഗ്രസ് എം സിറ്റിംഗ് സീറ്റ് നിലനിർത്താനും മത്സരിക്കാനും ഒരു മുഴം മുമ്പേ മുന്നോട്ടു വന്നു. യു.ഡി.എഫാകട്ടെ ഉമ്മൻ ചാണ്ടിയുടെ അസാന്നിധ്യത്തിലുളള പുതിയ ഗ്രൂപ്പ് ധ്രുവീകരണത്തിലാണ്.
തിങ്കളാഴ്ച കോട്ടയത്ത് നടന്ന സിറ്റിംഗ് എം.പി തോമസ് ചാഴിക്കാടനുളള സ്വീകരണ സമ്മേളനം ഫലത്തിൽ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് കേളികൊട്ടായി മാറി.
കോട്ടയത്തെ ഇടതുമുന്നണിയുടെ എല്ലാ നേതാക്കളും തന്നെ നടന്ന സ്വീകരണ സമ്മേളനത്തിന് എത്തിയിരുന്നു. 100 ശതമാനം എം.പി ഫണ്ട് ചെലവഴിച്ച ജനപ്രതിനിധി എന്ന നിലയിലാണ് ഇടതുമുന്നണി തോമസ് ചാഴിക്കാടന് സ്വീകരണം ഏർപ്പെടുത്തിയത്.
സ്വീകരണത്തിന് മുന്നോടിയായി ജില്ലയിൽ ഉടനീളം ബോർഡുകളും കട്ടൗട്ടുകളും ബോർഡുകളും സ്ഥാപിച്ചിരുന്നു. 100% എംപി ഫണ്ട് വിനിയോഗിച്ച എംപി വിശേഷണത്തോടെയായിരുന്നു ബോർഡുകൾ.
കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ഏഴു മണ്ഡലങ്ങളിലും എം.പിയുടെ ചിത്രം അടങ്ങുന്ന ബോർഡുകളാണ് സ്ഥാപിച്ചത്. ഇതിനൊപ്പമാണ് കോട്ടയത്ത് വിപുലമായ സ്വീകരണ അനുമോദന സമ്മേളനവും ക്രമീകരിച്ചത്. കഴിഞ്ഞ ലോകസഭാ ഇലക്ഷനിൽ യുഡിഎഫിൽ ആയിരുന്ന കേരള കോൺഗ്രസ് എമ്മിന്റെ പ്രതിനിധിയായി തോമസ് ചാഴിക്കാടൻ എം.പി വൻ വിജയമാണ് കൈവരിച്ചത്.
തെരഞ്ഞെടുപ്പിനു ശേഷമാണ് കേരള കോൺഗ്രസ് യുഡിഎഫിൽ നിന്നും എൽഡിഎഫിലേക്ക് ചേക്കേറിയത്. ഇക്കുറി കോട്ടയത്തിന് പുറമേ ഇടുക്കി, പത്തനംതിട്ട സീറ്റുകൾ കൂടി ചോദിക്കാൻ കേരള കോൺഗ്രസും ഏറെക്കുറെ ധാരണയിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ചേർന്ന കേരള കോൺഗ്രസ് എമ്മിന്റെ ഉന്നതതല യോഗങ്ങൾ ഇക്കാര്യം ആവർത്തിക്കുകയും ചെയ്തു.
അതിന്റെ തുടർച്ചയായിട്ടാണ് കോട്ടയം സീറ്റ് ഉറപ്പിക്കുന്നതിനായി നിലവിലുള്ള എംപിക്ക് സ്വീകരണം നൽകിയത്. യോഗത്തിൽ സംസാരിച്ച നേതാക്കളെല്ലാം തന്നെ തോമസ് ചാഴിക്കാടൻ എം.പി എന്ന നിലയിലുള്ള പ്രവർത്തനത്തെയും നേട്ടത്തെയും എടുത്തുപറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന വി.എൻ വാസവനെ ആണ് അന്നു ചാഴികാടൻ പരാജയപ്പെടുത്തിയത്. സ്വീകരണ സമ്മേളനത്തിൽ ചാഴിക്കാടനെ ഹൃദയത്തോട് ചേർത്ത് ആലിംഗനം ചെയ്താണ് വാസവൻ സ്വീകരിച്ചത്. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി, മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലയിലെ ഇടതുമുന്നണി എം.എൽ.എമാർ, സി.പി.എം - സി.പി.ഐ ജില്ലാ സെക്രട്ടറിമാരും നേതാക്കളും യോഗത്തിൽ പങ്കെടുത്തു.
ബി.ജെ.പി ജില്ലാ ഘടകവും കഴിഞ്ഞ ദിവസങ്ങളിൽ കോട്ടയത്ത് രാഷ്ട്രീയമായി സജീവമായി. ജനകീയ പ്രശ്‌നങ്ങൾ ഉയർത്തിയുള്ള പ്രതിഷേധ പരിപാടികളും മാർച്ചുകളും ഏറ്റെടുത്താണ് ബി.ജെ.പി മുന്നോട്ടുവന്നത്. പനികാലത്ത് ആരോഗ്യവകുപ്പിന്റെ അനാസ്ഥക്കെതിരെ ജില്ലാ ആശുപത്രിയിലേക്ക് ബിജെപി മാർച്ച് നടത്തി. അടുത്തിടെ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ കോട്ടയത്ത് എത്തി പ്രാരംഭ കൂടിയാലോചനകൾ നടത്തിയിരുന്നു. പ്രളയരഹിത കോട്ടയം പദ്ധതിക്കെതിരെ ബി.ജെ.പിയും കോൺഗ്രസും രംഗത്ത് വന്നിരുന്നു.
സി.പി.എം സംസ്ഥാന സമിതി അംഗമായ അഡ്വ. അനിൽകുമാറാണ് പ്രളയരഹിത പദ്ധതിയുടെ ചുക്കാൻ പിടിക്കുന്നത്. പദ്ധതി അടിമുടി അഴിമതിയാണെന്ന ആരോപണവുമായി രംഗത്തുവന്ന ബി.ജെ.പി വിജിലൻസ് അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.