പത്തനംതിട്ട - നാല്‍പ്പത് മുടിയിഴകളുടെ തെളിവിലാണ് ഭാര്യയുടെ കൊലപാതകത്തില്‍ 17 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് അറസ്റ്റിലായത്. പുല്ലാട് വടക്കേക്കവല വടക്കേചട്ടുകുളത്ത് രമാദേവി (50) കൊല്ലപ്പെട്ട കേസില്‍ ഭര്‍ത്താവ് സി ആര്‍ ജനാര്‍ദ്ദനന്‍ നായരാണ് 17 വര്‍ഷത്തിന് ശേഷം അറസ്റ്റിലായത്. 2006 മെയ് 26 ന് രമാദേവി ഊണ് മുറിയില്‍ കഴുത്തിന് വെട്ടേറ്റാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെടുത്തനിനിടെ മല്‍പ്പിടുത്തത്തില്‍ രമാദേവിയുടെ കൈയ്യില്‍ കുടുങ്ങിയ 40 മുടിയിഴകള്‍ ശാസ്ത്രീയ പരിശോധന നടത്തിയപ്പോഴാണ് ഇത് ഭര്‍ത്താവ് ജനാര്‍ദ്ദനന്‍ നായരുടെതാണെന്ന് കണ്ടെത്തിയത്. കൊലപാതകരത്തില്‍ ജനാര്‍ദ്ദനന്‍ നായരെ പോലീസിന് ഒട്ടും സംശയമുണ്ടായിരുന്നില്ല. കൊലപാതകം നടന്ന ദിവസം വീടിന് സമീപത്തുണ്ടായിരുന്ന കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ ചുടലമുത്തുവിനെയും ഇയാളുടെ കൂടെ താമസിച്ചിരുന്ന സ്ത്രീയെയും കാണാതായിരുന്നു. ഇവരാണ് പ്രതികളെന്ന രീതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും ഇവരെ കണ്ടെത്താനായിരുന്നില്ല. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തപ്പോഴും ഇവര്‍ക്കെതിരെയാണ് അന്വേഷണം നീണ്ടത്. ജനാര്‍ദ്ദനന്‍ നായരുടെ അടുത്ത ബന്ധു മറ്റൊരു കൊലപാതക കേസില്‍ പ്രതിയാണ്. അയാളെ കേന്ദ്രീകരിച്ചും അന്ന് അന്വേഷണം നടന്നു. എന്നാല്‍ കേസ് എങ്ങുമെത്തിയില്ല. ചുടലമുത്തുവിനൊപ്പമുണ്ടായിരുന്ന സ്ത്രീയെ കഴിഞ്ഞ വര്‍ഷം തെങ്കാശിയില്‍ വെച്ച് ക്രൈംബ്രാഞ്ച് കണ്ടെത്തിയതോടെയാണ് ഇവര്‍ക്ക് കൊലപാതകത്തില്‍ പങ്കില്ലെന്ന് വ്യക്തമായതും അന്വേഷണത്തിന്റ ഗതി മാറിയതും. കൊല്ലപ്പെട്ട രമാദേവിയുടെ ഒരു കയ്യില്‍ 36 മുടിയിഴകളും മറ്റേകയ്യില്‍ നാല് മുടിയിഴകളും ഉണ്ടായിരുന്നു. ഈ മുടിയിഴകള്‍ അന്നു തന്നെ ശാസ്ത്രീയപരിശോധനയ്ക്കയച്ചിരുന്നു. കൊലപാതകം നടന്ന് നാലുവര്‍ഷത്തിനു ശേഷമാണ് പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചത്. തുടര്‍ന്ന് ഈ മുടിയിഴകള്‍ ഭര്‍ത്താവ് സി.ആര്‍ ജനാര്‍ദനന്‍ നായരുടെതാണെന്നു കണ്ടെത്തിയിരുന്നെങ്കിലും അദ്ദേഹത്തെ സംശയിച്ചില്ല. ഒടുവില്‍ നിരവധി തവണത്തെ ചോദ്യം ചെയ്യലിനും ശാസ്ത്രീയ പരിശോധനകള്‍ക്കും ശേഷമാണ് ജനാര്‍ദ്ദനന്‍ നായരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. അതിന് പിന്‍ബലമായതാകട്ടെ 40 മുടിയിഴകളും.