മദീന - പ്രവാചക മസ്ജിദില്‍ ചാവേറാക്രമണം നടത്തുന്നതിനുള്ള പദ്ധതി പരാജയപ്പെടുത്തുന്നതിനിടെ ഇരു കണ്ണുകളും നഷ്ടപ്പെട്ട സുരക്ഷാ ഭടന്‍ ഹുസാം അല്‍സുബ്ഹിക്ക് രാജ്യത്തിന്റെ ആദരം. തേഡ് ഗ്രേഡ് കിംഗ് അബ്ദുല്‍ അസീസ് മെഡല്‍ സമ്മാനിച്ചാണ് രാജ്യം ഹുസാം അല്‍സുബ്ഹിയെ ആദരിച്ചത്. തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവാണ് ഹുസാം അല്‍സുബ്ഹിക്ക് കിംഗ് അബ്ദുല്‍ അസീസ് മെഡല്‍ സമ്മാനിക്കുന്നതിന് ഉത്തരവിട്ടത്.
2016 ജൂലൈ നാലിനാണ് ഐ.എസ് ഭീകരന്‍ മസ്ജിദുന്നബവിയില്‍ ചാവേറാക്രമണത്തിന് ശ്രമിച്ചത്. ഇരുപത്തിയൊമ്പതാം നോമ്പിന് വൈകിട്ട് മഗ്‌രിബ് ബാങ്ക് വിളിക്കുന്നതിനു തൊട്ടുമുമ്പ് മസ്ജിദുന്നബവിയില്‍ ഇഫ്താറില്‍ പങ്കെടുക്കുന്നതിന് പതിനായിരങ്ങള്‍ തടിച്ചുകൂടിയ സമയത്ത് ആക്രമണം നടത്തുന്നതിനാണ് ഐ.എസ് ഭീകരന്‍ ശ്രമിച്ചത്. സംശയകരമായ സാഹചര്യത്തില്‍ മസ്ജിദുന്നബവി ലക്ഷ്യമിട്ട് നീങ്ങിയ ഭീകരന്‍, സ്‌പെഷ്യല്‍ എമര്‍ജന്‍സി ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തുന്നതിനു ശ്രമിച്ചതോടെ ബെല്‍റ്റ് ബോംബ് സ്‌ഫോടനം നടത്തുകയായിരുന്നു. സ്‌ഫോടനത്തില്‍ നാലു സുരക്ഷാ ഭടന്മാര്‍ വീരമൃത്യു വരിക്കുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഉഗ്ര സ്‌ഫോടനത്തില്‍ ഭീകരന്റെ ശരീരം ചിന്നിച്ചിതറുകയും ചെയ്തു.
ക്യാപ്.