തൃശൂര്‍ - കൈക്കൂലി കേസില്‍ പിടിയിലായ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടറുടെ വീട്ടില്‍ അലമാരയില്‍ നോട്ടുകെട്ടുകളുടെ കൂമ്പാരം. ഈ നോട്ടുകള്‍ വിജിലന്‍സ് സംഘം എണ്ണി തിട്ടപ്പെടുത്തി വരികയാണ്. പിന്‍വലിച്ച 2000 രൂപയുടെ നോട്ട് കെട്ടുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്ത ശേഷമാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ ഓര്‍ത്തോ വിഭാഗത്തിലെ ഡോ. ഷെറിന്‍ ഐസകിന്റെ വീട്ടില്‍ വൈകുന്നേരത്തോടെ വിജിലന്‍സ് പരിശോധനക്കെത്തിയത്. നോട്ട്‌കെട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്താനായി നോട്ടെണ്ണല്‍ യന്ത്രം ഇവിടേക്ക് എത്തിച്ചിട്ടുണ്ട്. അപകടത്തില്‍ പരുക്കേറ്റ പാലക്കാട് സ്വദേശിയായ രോഗിയുടെ ശസ്ത്രക്രിയയ്ക്കായാണ് ഡോക്ടര്‍ പണം വാങ്ങിയത്. ചികിത്സിക്കാനായി 3000 രൂപയാണ് കൈക്കൂലിയായി ഡോക്ടര്‍ ആവശ്യപ്പെട്ടത്. ശസ്ത്രക്രിയക്ക് ഡേറ്റ് നല്‍കാതെ നിരവധി തവണ രോഗിയുടെ കുടുംബത്തെ കൈക്കൂലി ലഭിക്കുന്നതിനായി ഇയാള്‍ നടത്തിച്ചിരുന്നു. തുടര്‍ന്ന് രോഗിയുടെ ബന്ധുക്കള്‍ വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു. വിജിലന്‍സിന്റെ നിര്‍ദ്ദേശ പ്രകാരം പണം കൈമാറുമ്പോഴാണ് ഡോക്ടര്‍ അറസ്റ്റിലായത്.