തിരുവനന്തപുരം - മുതലപ്പൊഴിയില്‍ നിസ്സഹായരായി സഹജീവികളുടെ ജീവന് വേണ്ടി നിലവിളിച്ച മത്സ്യത്തൊഴിലാളികളോട് ഷോ കാണിക്കരുതെന്ന് കല്‍പിച്ച മന്ത്രിമാരും, ഫാ. യൂജിന്‍ പെരേരക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത മുഖ്യമന്ത്രിയും നാടിന് അപമാനമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. മൂന്ന് സഹജീവികള്‍ കടലില്‍ ജീവനുവേണ്ടി നിലവിളിക്കുകയും ഒരാളുടെ മൃതദേഹം കരയിലെത്തുകയും ചെയ്ത അതീവ വൈകാരിക അന്തരീക്ഷത്തില്‍ സാന്ത്വനപ്പെടുത്തുകയും സഹായിക്കുകയും ചെയ്യേണ്ടതിനു പകരം മത്സ്യത്തൊഴിലാളികളെ കലാപകാരികളായി ചിത്രീകരിക്കാനാണ് മന്ത്രിമാര്‍ ശ്രമിച്ചത്. മത്സ്യത്തൊഴിലാളികള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ചിരുന്നെങ്കില്‍ മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓടിയതുപോലെ മന്ത്രിമാര്‍ക്കും ഓടേണ്ടിവരുമായിരുന്നുവെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു.