കരിപ്പൂർ വിമാനത്താവള റൺവേ ചുരുങ്ങുന്നതോടെ വലിയ വിമാനങ്ങൾ തിരിച്ചെത്തുമെന്നത് സ്വപ്‌നമായി അവശേഷിക്കും. ഉത്തര കേരളത്തിലെ പ്രധാന വിമാനത്താവളത്തിന്റെ ചിറകരിയുമ്പോൾ പ്രതികരിക്കാൻ പോലും ജനപ്രതിനിധികളില്ലെന്നത് ഏറെ ദുഃഖകരമാണ്.
മലബാറിന്റെ പ്രവേശന കവാടമായി കരിപ്പൂരിലെ കാലിക്കറ്റ് എയർപോർട്ട് യാഥാർഥ്യമായത് 1988 ഏപ്രിൽ പതിമൂന്നിന്. 92ൽ ആദ്യ അന്താരാഷ്ട്ര സർവീസും തുടങ്ങി. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് വലിയ വിമാനങ്ങൾ സർവീസ് തുടങ്ങുന്നതിന്, പറഞ്ഞിരുന്ന തടസ്സം റൺവേയുടെ ദൈർഘ്യക്കുറവായിരുന്നു. ആറായിരം അടി ദൈർഘ്യമുള്ള റൺവേയിൽനിന്ന് ചെറിയ വിമാനങ്ങൾക്കേ സർവീസ് നടത്താൻ സാധിച്ചിരുന്നുള്ളൂ. ഉത്തർപ്രദേശുകാരനായ അമിതാഭ് കാന്ത് കോഴിക്കോട്ട് ജില്ലാ കലക്ടറായിരുന്ന വേളയിൽ, 1994ലാണ് മലബാർ അന്താരാഷ്ട്ര വിമാനത്താവളമെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ റൺവേ വികസിപ്പിക്കുകയെന്ന ആശയം മുന്നോട്ടുവെച്ചത്. വലിപ്പമേറിയ ജംബോ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ പാകത്തിൽ റൺവേ ഒമ്പതിനായിരം അടിയായെങ്കിലും ഉയർത്തണമെന്നതായിരുന്നു പ്രധാന നിർദേശം.
അറുപത് കോടി രൂപ ചെലവ് വരുന്നതായിരുന്നു റൺവേ വികസന പദ്ധതി. അന്നത്തെ കോഴിക്കോട് എം.പി കെ. മുരളീധരനും വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും രംഗത്തിറങ്ങി. ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ച് ധനസമാഹരണം നടത്തി. ഹഡ്‌കോയിൽനിന്ന് വായ്പയെടുത്താണെങ്കിലും റൺവേ വികസനം പൂർത്തിയായി. ബാധ്യത തീർക്കാൻ യാത്രക്കാർ ആദ്യ ഏതാനും വർഷങ്ങളിൽ 500 രൂപയും പിന്നീട് 375 രൂപയും യൂസേഴ്‌സ് ഫീ നൽകേണ്ടിവന്നു. ജംബോ വിമാനങ്ങൾക്ക് സർവീസ് നടത്താൻ പാകത്തിൽ റൺവേ വികസിപ്പിച്ചു. വിമാനങ്ങൾക്ക് സൗകര്യപ്രദമായി ലാൻഡ് ചെയ്യാൻ ഇൻസ്ട്രുമെന്റൽ ലാൻഡിംഗ്, നൈറ്റ് ലാൻഡിംഗ് സംവിധാനങ്ങളും ഏർപ്പെടുത്തി. കോഴിക്കോടിന്റെ സാധ്യത മനസ്സിലാക്കി വിദേശ വിമാന കമ്പനികൾ വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്ന് കാലിക്കറ്റിലേക്ക് സർവീസുകൾ ഏർപ്പെടുത്തി. ഇതൊക്കെ ആദ്യ കാലമുന്നേറ്റത്തിന്റെ ചരിത്രം. ഇപ്പോൾ വിമാനത്താവള നിലനിൽപ്പ് തന്നെ അവതാളത്തിലാവും വിധമാണ് കാര്യങ്ങൾ.
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് കൂടുതൽ സ്ഥലം അനുവദിക്കണമെന്ന് കേന്ദ്ര സർക്കാർ. ഇല്ലെങ്കിൽ റൺവേയുടെ നീളം കുറയ്ക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്രവ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരിക്കുകയാണ്. ഭൂമി ഏറ്റെടുത്തു നൽകുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയെന്നും വികസനത്തിനായി ആവശ്യമായ ഭൂമി ഉടൻ കൈമാറണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
കേന്ദ്ര സർക്കാർ നിരന്തരം ആവശ്യപ്പെട്ടിട്ടും റൺവേയുടെ ഇരുവശങ്ങളിലുമുള്ള സുരക്ഷാ മേഖലയ്ക്കു വേണ്ടിയുള്ള ഭൂമി ഇതുവരെ സർക്കാർ ഏറ്റെടുത്ത് എയർപോർട്ട് അതോറിറ്റിക്ക് നൽകിയിട്ടില്ലെന്നാണു വ്യോമയാന മന്ത്രി കത്തിൽ ആരോപിച്ചിരിക്കുന്നത്. കരിപ്പൂരിൽ വിമാനം തെന്നിമാറി അപകടമുണ്ടായതിന് പിന്നാലെ പ്രത്യേക സമിതി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ കരിപ്പൂരിലെ റൺവേയുടെ റെസ ഏരിയയുടെ നീളം കൂട്ടണമെന്ന് വ്യക്തമാക്കിയിരുന്നു. (റൺവേയുടെ ഇരുവശങ്ങളിലുമുള്ള സുരക്ഷാഭൂമിയാണ് റിസ). നിലവിലെ റൺവേയുടെ രണ്ട് ദിശകളിലുമായി ഭൂമിയേറ്റെടുത്ത് മാത്രമേ റിസയുടെ വികസനം സാധ്യമാകൂ. ഇങ്ങനെ റൺവേയുടെ നീളം കൂടിയാൽ മാത്രമേ വലിയ വിമാനങ്ങൾക്ക് കരിപ്പൂരിൽ സുരക്ഷിതമായി ഇറങ്ങാൻ സാധിക്കൂ. ഇതേ തുടർന്ന് 2022 മാർച്ച് മുതൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാർ നിരന്തരം സംസ്ഥാന സർക്കാരിനു കത്തു നൽകിയിരുന്നെന്നാണ് വ്യോമയാന മന്ത്രി വ്യക്തമാക്കുന്നത്.
അനുവദിച്ച സമയപരിധിക്കുള്ളിൽ സംസ്ഥാന സർക്കാർ ഭൂമിയേറ്റെടുത്ത് നൽകിയില്ലെങ്കിൽ കരിപ്പൂരിലെ നിലവിലെ റൺവേയുടെ നീളം കുറച്ച് റെസയുടെ നീളം കൂട്ടുക എന്ന നടപടിയാവും കേന്ദ്രം സ്വീകരിക്കുക. ഇങ്ങനെ ചെയ്താൽ ചെറിയ വിമാനങ്ങൾക്ക് മാത്രമേ കരിപ്പൂരിൽ ഇറങ്ങാനാവൂ. വലിയ വിമാനങ്ങൾക്ക് കരിപ്പൂർ അന്യമാകും. ഇതു ഗൾഫ് നാടുകളിൽ കഴിയുന്ന മലബാറിലെ പ്രവാസികൾക്ക് ഏറ്റവും വലിയ തിരിച്ചടിയാവും.
ജൂലൈ ആദ്യവാരത്തോടെ റൺവേ വികസനത്തിന് ആവശ്യമായ ഭൂമി കൈമാറാം എന്നായിരുന്നു നേരത്തെ കേരളം അറിയിച്ചതെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ 2024 ജനുവരിയിൽ പോലും ഭൂമിയേറ്റെടുത്ത് കിട്ടാൻ സാധ്യതയില്ലെന്നും വ്യോമയാന മന്ത്രി കത്തിൽ പറയുന്നു. 2020-ൽ ഇരുപത് പേരുടെ മരണത്തിന് കാരണമായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഇനി റിസ്‌ക്കെടുക്കാൻ സാധിക്കില്ലെന്നും ഈ സാഹചര്യത്തിൽ ആഗസ്റ്റ് ഒന്ന് മുതൽ കരിപ്പൂരിലെ റൺവേയുടെ നീളം കുറയ്ക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റൺവേ എൻഡ് സേഫ്റ്റി ഏരിയ(റിസ) നിർമ്മാണത്തിനായാണ് സ്ഥലമേറ്റെടുപ്പ് നിർദേശിച്ചത്.എയർപോർട്ട് അതോറിറ്റി 14.5 ഏക്കർ ഭൂമിയാണ് റിസ നിർമ്മാണത്തിനായി സംസ്ഥാന സർക്കാറിനോട് ഏറ്റെടുക്കാൻ ആവശ്യപ്പെട്ടത്. ഇതിന്റെ തുടർ നടപടികൾ പൂർത്തിയായി വരുന്നതിനിടയിലാണ് കേന്ദ്രത്തിന്റെ താക്കീത്. 2860 മീറ്ററാണ് കരിപ്പൂർ റൺവേയുടെ നീളം. ഇതിന്റെ രണ്ടറ്റവും റിസ നിർമ്മാണത്തിനായി 150 മീറ്റർ വീതം മുറിക്കുന്നതോടെ റൺവേയുടെ നീളം 2560 ആയി കുറയും. ഇതോടെ നിലവിലെ റൺവേയിൽ ചെറിയ വിമാനങ്ങൾക്ക് മാത്രമായിരിക്കും അനുമതി. വലിയ വിമാനങ്ങളുടെ അനുമതിക്കാണ് കരിപ്പൂർ റൺവേ നീളം കുറക്കാതെ സ്ഥലമേറ്റെടുത്ത് റിസ നിർമ്മിക്കാൻ തീരുമാനിച്ചിരുന്നത്.
2015 ഏപ്രിൽ 30നാണ് റൺവേ അറ്റകുറ്റപ്പണിയുടെ പേരിൽ വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിയത്.
ഈ നൂറ്റാണ്ട് തുടങ്ങുന്നത് വരെ സംസ്ഥാനത്ത് രണ്ടു വിമാനത്താവളങ്ങളേ ഉണ്ടായിരുന്നുള്ളൂ. പേരിനൊരു താവളം കൊച്ചിയിലും. തിരുവനന്തപുരത്തും കോഴിക്കോട്ടും കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ വാണിജ്യ വിമാനത്താവളങ്ങൾ. കൊച്ചി നാവൽ ബേസിനോട് ചേർന്നുള്ള ആഭ്യന്തര വിമാനത്താവളത്തിലും യാത്രാ വിമാനങ്ങൾ വന്നിരുന്നു. പിൽക്കാലത്ത് നെടുമ്പാശ്ശേരിയിൽ പുതിയ വിമാനത്താവളം വന്നപ്പോൾ അതൊരു ചരിത്രമായി. സ്വകാര്യ പങ്കാൡത്തത്തോടെ പി.പി.പി മാതൃകയിൽ എയർപോർട്ട് ലാഭകരമായി നടത്തി ലോകമെങ്ങുമുള്ള വാണിജ്യ വിദ്യാർഥികളുടെ ശ്രദ്ധ പിടിച്ചുപറ്റി. പിന്നെയാണ് അടുത്ത കാലത്ത് രണ്ടാമത്തെ സ്വകാര്യ വിമാനത്താവളം കണ്ണൂർ മട്ടന്നൂരിൽ യാഥാർഥ്യമായത്.
പ്രതികൂല ഘടകങ്ങൾ ഏറെയുണ്ടെങ്കിലും കരിപ്പൂർ മുന്നേറുകയായിരുന്നു. അതിനിടയ്ക്ക് 2020 ഓഗസ്റ്റ് 7 ന് രാത്രിയാണ് കരിപ്പൂരിൽ ഐഎക്‌സ് 1344 എന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തിൽപെട്ടത്. വിമാനം റൺവേയിൽനിന്ന് തെന്നിനീങ്ങി 35 മീറ്റർ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 21 പേരായിരുന്നു മരിച്ചത്. 184 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. 168 പേരോളം ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നു. അപകടത്തിന് പിന്നാലെ ഡിജിസിഎ കരിപ്പൂരിൽ വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി. സംഭവം കഴിഞ്ഞ് കാലം കുറച്ചായിട്ടും അപകട കാരണമെന്തെന്നത് ദുരൂഹമായി തുടരുന്നു.
2020ലെ വിമാനാപകടത്തിനുശേഷം ഇതുവരെ വലിയ വിമാനങ്ങൾ കരിപ്പൂരിൽ ഇറക്കാറില്ല. റൺവേ ദീർഘിപ്പിച്ച് സുരക്ഷ ശക്തമാക്കിയാൽ മാത്രമേ അതിന് അനുമതി ലഭിക്കുകയുള്ളൂ. റൺവേ നീളം കുറക്കുന്നതോടെ കരിപ്പൂരിൽ വലിയ മാറ്റങ്ങളും വരുത്തേണ്ടിവരും. ഇക്കഴിഞ്ഞ ദിവസമാണ് റൺവേ കൂടുതൽ സുരക്ഷാ സംവിധാനങ്ങളോടെ റീ കാർപറ്റിങ് പൂർത്തിയാക്കിയത്. മഞ്ഞും മഴയും ഉൾപ്പെടെ പ്രതികൂല കാലാവസ്ഥയിൽ പൈലറ്റിനു റൺവേയുടെ കാഴ്ച വർധിപ്പിക്കാൻ സെന്റർലൈൻ ലൈറ്റ്, ടച്ച് ഡൗൺ സോൺ ലൈറ്റ് എന്നിവയടക്കം സ്ഥാപിച്ചിട്ടുണ്ട്. 2020 ഓഗസ്റ്റ് ഏഴിനുണ്ടായ വിമാന അപകടത്തെത്തുടർന്ന് തകർന്ന ഐ.എൽ.എസ് (ഇൻസ്ട്രുമെന്റൽ ലാൻഡിങ് സിസ്റ്റം) നേരത്തേ മാറ്റിസ്ഥാപിച്ചിരുന്നു. റൺവേ നീളം കുറക്കുന്നതോടെ ഇവയടക്കം മാറ്റി സ്ഥാപിക്കേണ്ടി വരും. റൺവേയുടെ രണ്ടറ്റങ്ങളിലും തുടക്കം മുതൽ 900 മീറ്റർ വരെയാണ് ടച്ച് ഡൗൺ സോൺ ലൈറ്റുകളുമുള്ളത്. വിമാനം ലാൻഡിങ് നടത്തേണ്ട ഭാഗം കൃത്യമായി മനസ്സിലാക്കാനാണിത്. ഓരോ അറ്റത്തും ലാൻഡിങ് ഭാഗം മനസ്സിലാക്കാൻ, ഓരോന്നു വീതം സിംപിൾ ടച്ച് ലൈറ്റ് മാത്രമാണ് നേരത്തേ റൺവേയിൽ ഉണ്ടായിരുന്നത്.ഇവയടക്കം മാറ്റി സ്ഥാപിക്കേണ്ട ഗതികേടായിരിക്കും.