വന്ദേഭാരത് ട്രെയിനിന്റെ കളർ കോഡിൽ മാറ്റം. നിലവിൽ വെള്ള- നീല കളർ പാറ്റേണിലുള്ള വന്ദേഭാരത് കാവി - ഗ്രേ കളർകോഡിലേക്കാണ് മാറുന്നത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ചെന്നൈയിൽ ഇക്കാര്യം സ്ഥിരീകരിച്ചു. ഇപ്പോഴുള്ള വെള്ള നിറം മൂലം പെട്ടെന്ന് അഴുക്കു പിടിക്കുന്നതിനാൽ പുതിയ നിറം പരീക്ഷിക്കാനാണ് റെയിൽവേ നടപടി. റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് വന്ദേ ഭാരത് ട്രെയിനുകളുടെ നിർമ്മാണം നടക്കുന്ന ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) സന്ദർശിച്ചപ്പോഴാണ് പുതിയ കളർ സ്‌കീമിന് അംഗീകാരം നൽകിയത്.
വെള്ളയും നീലയും നിറങ്ങൾ മനോഹരമാണെങ്കിലും, പെട്ടെന്ന് അഴുക്ക് പുരളുമെന്നതിനാൽ പരിപാലിക്കുന്നത് ബുദ്ധിമുട്ടാണ്. ഓരോ സർവീസിന് ശേഷവും ഇത് മുഴുവനായി കഴുകി വൃത്തിയാക്കുകയെന്നത് എളുപ്പമല്ല. ഈ സാഹചര്യത്തിലാണ് പുതിയ കളറുകൾ നടപ്പാക്കുന്നത്.
ഇരുവശത്തും കാവി പെയിന്റും വാതിലുകൾക്ക് ചാരനിറവുമായിരിക്കും നൽകുക. പരീക്ഷണാർത്ഥം ഒരു ബോഗി കളർ ചെയ്തു. ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷമാണ് പുതിയ കളർകോഡ് നിലവിൽ വരിക. ട്രെയിനിന്റെ സീറ്റ് ഡിസൈനുകളിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായേക്കും. കൂടാതെ കോച്ചുകളുടെ പുറംഭാഗത്ത് സോണൽ റെയിൽവേയുടെ ചുരുക്കെഴുത്തുകൾക്ക് പകരം ഐആർ (ഇന്ത്യൻ റെയിൽവേ) ഒട്ടിക്കാൻ റെയിൽവേ തീരുമാനിച്ചു.
തദ്ദേശീയമായി രൂപകൽപ്പന ചെയ്ത വന്ദേഭാരത് വളരെ പെട്ടെന്നാണ് ജനപ്രിയമായി മാറിയത്. കുറഞ്ഞ ചെലവിൽ അത്യാധുനിക യാത്രാ സൗകര്യങ്ങൾ ആണ് വന്ദേഭാരതിൽ സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കാർക്ക് വേഗതയേറിയതും കൂടുതൽ സൗകര്യപ്രദവുമായ യാത്രാനുഭവമാണ് വന്ദേഭാരത് പ്രദാനം ചെയ്യുന്നത്. 180 കിലോമീറ്റർ ആണ് വന്ദേഭാരത് മുന്നോട്ട് വെക്കുന്ന വേഗത. ഗൊരഖ്പൂർ-ലഖ്‌നൗ, ജോധ്പൂർ-സബർമതി റൂട്ടുകൾ നിലവിൽ വന്നതോടെ, രാജ്യത്തെ വന്ദേ ഭാരത് റൂട്ടുകളുടെ എണ്ണം 50 ആയി ഉയർന്നു. പൂർണമായും ശീതികരിച്ച കോച്ചുകളുള്ള അതിവേഗ ട്രെയിൻ ആണ് വന്ദേഭാരത്. പതിനാറ് കോച്ചുകൾ ആണ് ഉണ്ടാകുക. ഓട്ടോമാറ്റിക് വാതിലുകൾ ആണ് മറ്റൊരു സവിശേഷത. 1126 യാത്രക്കാർക്ക് ഒരേസമയം യാത്ര ചെയ്യാം. ജിപിഎസ് പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം, എഇഡി ലൈറ്റിങ്, ബയോവാക്വം ശുചിമുറി, മുന്നിലും പിന്നിലും ഡ്രൈവർ കാബിൻ എന്നിവയാണ് മറ്റ് സവിശേഷതകൾ. എയറോഡൈനാമിക്ക് ഡിസൈനിൽ രൂപകൽപ്പന ചെയ്ത വന്ദേ ഭാരതിന് കവച് ടെക്‌നോളജി പ്രകാരമുള്ള സുരക്ഷാ സംവിധാനമാണ് ഉള്ളത്. ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് തടയാൻ തദ്ദേശീയമായി വികസിപ്പിച്ച ടെക്‌നോളജിയാണ് ഇത്. 2019 ഫെബ്രുവരി 15നാണ് രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് ട്രെയിൻ സർവീസ് തുടങ്ങിയത്.