Sorry, you need to enable JavaScript to visit this website.

ആഭ്യന്തര തീർഥാടകർക്ക് ഉംറ പെർമിറ്റുകൾ അനുവദിക്കാൻ തുടങ്ങി

ജിദ്ദ - സൗദി അറേബ്യക്കകത്തു നിന്നുള്ള സ്വദേശികൾക്കും വിദേശികൾക്കും ഗൾഫ് പൗരന്മാർക്കും ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന വിദേശികൾക്കും ഉംറ പെർമിറ്റുകൾ അനുവദിക്കാൻ തുടങ്ങിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. വിദേശ ഹജ് തീർഥാടകരുടെ മടക്കം ഏറെക്കുറെ പൂർത്തിയായി ഹറമുകളിലെ തിരക്ക് കുറഞ്ഞതോടെയാണ് ആഭ്യന്തര തീർഥാടകർക്കും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ളവർക്കും നുസുക്, തവക്കൽനാ ആപ്പുകൾ വഴി ഉംറ പെർമിറ്റുകൾ അനുവദിക്കാൻ തുടങ്ങിയത്. 
ബന്ധപ്പെട്ട വകുപ്പുകൾ നിർണയിച്ച ശേഷികൾക്കനുസരിച്ച്, ആത്മീയവും സുരക്ഷിതവുമായ അന്തരീക്ഷം പ്രദാനം ചെയ്യുന്ന നിലക്ക്, ഉംറ പെർമിറ്റ് അപേക്ഷകരുടെ ആരോഗ്യ സുരക്ഷ പരിശോധിച്ച് തവൽക്കൽനാ ആപ്പുമായുള്ള സംയോജനത്തിലൂടെ നിയന്ത്രണ വ്യവസ്ഥകൾ പാലിച്ച് ഉംറ കർമം നിർവഹിക്കാനും മദീന മസ്ജിദുന്നബവി റൗദ ശരീഫിൽ സിയാറത്ത് നടത്താനും പെർമിറ്റുകൾ അനുവദിക്കാൻ ഹജ്, ഉംറ മന്ത്രാലയം ആരംഭിച്ച ആപ്പ് ആണ് നുസുക്. കഴിഞ്ഞയാഴ്ച മുതൽ വിദേശ തീർഥാടകർക്ക് ഹജ്, ഉംറ മന്ത്രാലയം ഉംറ വിസകൾ അനുവദിക്കാൻ തുടങ്ങിയിട്ടുണ്ട്. നുസുക് ആപ്പ് വഴിയാണ് ഇ-വിസക്കുള്ള അപേക്ഷകൾ സമർപ്പിക്കേണ്ടത്. വിസ ലഭിക്കുന്നവർക്ക് മുഹറം ഒന്നു മുതൽ സൗദിയിൽ പ്രവേശിക്കാൻ സാധിക്കും.
 

Latest News