Sorry, you need to enable JavaScript to visit this website.

സൗദിയില്‍ മലയാളികളടക്കം മുന്നൂറോളം ഇന്ത്യക്കാര്‍ മയക്കുമരുന്ന് കേസില്‍ പിടിയില്‍

റിയാദ്- സൗദി അറേബ്യന്‍ ജയിലുകളില്‍ മലയാളികളടക്കം 300 ഓളം ഇന്ത്യക്കാര്‍ മയക്കുമരുന്ന് കേസില്‍ പിടിയില്‍. മയക്കുമരുന്നിനെതിരെ ആഭ്യന്തരമന്ത്രാലയം കാമ്പയിന്‍ ശക്തമാക്കി പരിശോധന തുടരുന്നതിനിടെയാണ് ഇത്രയധികം ഇന്ത്യക്കാര്‍ കേസുകളിലകപ്പെട്ട് ജയിലുകളില്‍ കഴിയുന്നത്. മദ്യം, തംബാക്ക്, മയക്കുമരുന്ന് ഗുളികകള്‍, കഞ്ചാവ്, ഖാത്ത് തുടങ്ങിയവയുടെ കടത്തും വില്‍പനയുമാണ് ഇവരില്‍ ചുമത്തിയ കുറ്റം.
റിയാദ് ഇന്ത്യന്‍ എംബസിയുടെ പരിധിയില്‍ റിയാദ് ഉള്‍പ്പെടെയുള്ള മധ്യപ്രവിശ്യയിലെയും ദമാം ഉള്‍പ്പെടെയുള്ള കിഴക്കന്‍ പ്രവിശ്യയിലെയും ജയിലുകളില്‍ 225 ഓളം ഇന്ത്യക്കാരാണ് മയക്കുമരുന്ന് കേസില്‍ കഴിയുന്നത്. ജിദ്ദ കോണ്‍സുലേറ്റിന്റെ പരിധിയില്‍ നൂറോളം ഇന്ത്യക്കാരും ജയിലില്‍ കഴിയുന്നുണ്ടെന്നാണ് വിവരം. മയക്കുമരുന്ന് കടത്തിന് വധശിക്ഷയാണ് സൗദി അറേബ്യന്‍ നിയമം. 2013ന് ശേഷം ഇതാദ്യമായി ഒരു ഇന്ത്യക്കാരന്‍ വധശിക്ഷ കാത്തുകഴിയുന്നുണ്ട്. യുഎഇയില്‍ നിന്ന് ബഹ്‌റൈനിലേക്ക് ചരക്ക് കൊണ്ടുപോകുകയായിരുന്ന ട്രെയ്‌ലറില്‍ മയക്കുമരുന്ന് കടത്തിയതിന് പിടിയിലായ െ്രെഡവര്‍ പഞ്ചാബ് സ്വദേശി അല്‍ഹസാ ജയിലില്‍  വധശിക്ഷ വിധിക്കപ്പെട്ട് കഴിയുകയാണ്. യുഎഇയില്‍ നിന്ന് വരുന്ന നിരവധി ട്രെയ്‌ലര്‍ െ്രെഡവര്‍മാര്‍ അടക്കം 65 ഓളം പേര്‍ മയക്കുമരുന്ന് കേസില്‍ അല്‍ഹസാ ജയിലില്‍ കഴിയുന്നുണ്ട്. ഇവരില്‍ ഇരുപത് മുതല്‍ മുപ്പത് വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചവരുമുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


മാസങ്ങള്‍ക്ക് മുമ്പാണ് സൗദി അറേബ്യ മയക്കുമരുന്നിനെതിരെ ആഭ്യന്തര മന്ത്രാലയം കാമ്പയിന്‍ ശക്തമാക്കിയത്. റോഡുകളില്‍ പഴുതടച്ച് നടത്തുന്ന വാഹന പരിശോധനയില്‍ നിരവധി പേര്‍ പിടിക്കപ്പെടുന്നുണ്ട്. മെത്താഫിറ്റമിന്‍, ക്യാപ്റ്റഗണ്‍, ഖാത്ത്, കഞ്ചാവ് തുടങ്ങിയവ മാത്രമല്ല തംബാക്ക്, കള്ള് എന്നിവയെല്ലാം ഇപ്പോള്‍ മയക്കുമരുന്നിന്റെ പരിധിയിലുള്‍പ്പെടുത്തി പിടികൂടുന്നുണ്ട്. സ്വകാര്യവാഹനങ്ങളില്‍ നിന്ന് ഇത്തരം മയക്കുമരുന്ന് വസ്തുക്കള്‍ പിടിക്കപ്പെട്ടാല്‍ അതിലുള്ളവരെയെല്ലാം സ്വാഭാവിക നടപടിയെന്നോണം കസ്റ്റഡിയില്‍ എടുക്കും. ശേഷം ബന്ധപ്പെട്ട വകുപ്പുകളിലേക്ക് മാറ്റും. കേസിലെ നിരപരാധിത്വം അവരാണ് പിന്നീട് തെളിയിക്കേണ്ടത്. ഷെയര്‍ ടാക്‌സിയില്‍ പോകുന്നവരും മറ്റും ഇങ്ങനെ കേസുകളില്‍ അകപ്പെടുന്നുണ്ട്. പരിശോധിക്കുന്ന ഉദ്യോഗസ്ഥരുടെ മുന്നില്‍ വാഹനത്തിലുള്ളവര്‍ കടത്തുകാരായിരിക്കും. ഇങ്ങനെ പിടിക്കപ്പെട്ടവരും ജയിലുകളില്‍ കഴിയുന്നുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു. മയക്കുമരുന്ന് വില്‍പനക്കിടെ പിടിക്കപ്പെട്ട് വിചാരണ നേരിടുന്ന മലയാളി യുവാക്കളും വിദ്യാര്‍ഥികളും ജയിലില്‍ കഴിയുന്നുണ്ട്. പ്രവാസികളായ കുട്ടികള്‍ മയക്കുമരുന്ന് ലോബിയുടെ കൈകളില്‍ അകപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിച്ച് രക്ഷിതാക്കള്‍ ആവശ്യമായ ബോധവത്കരണം നല്‍കണം. പെട്ടെന്ന് പണമുണ്ടാക്കാനുള്ള മാര്‍ഗത്തില്‍ ആകൃഷ്ടരായാണ് കുട്ടികള്‍ ഇത്തരം ലോബിയുടെ കൈകളിലെത്തുന്നത്.
മദ്യവും തംബാക്കുമൊന്നും ഇതുവരെ മയക്കുമരുന്ന് പരിധിയിലായിരുന്നില്ല പരിഗണിക്കപ്പെട്ടിരുന്നത്. ഇപ്പോള്‍ അതും മയക്കുമരുന്ന് ശിക്ഷയുടെ പരിധിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. റൂമുകളിലും മസറകളിലും മറ്റും മദ്യം വാറ്റുന്നവര്‍ പിടിക്കപ്പെട്ടാലും ഇത് തന്നെയാണ് അവസ്ഥ. നേരത്തെ ചെറിയ തടവുശിക്ഷയായിരുന്നു ഉണ്ടായിരുന്നതെങ്കിലും ഇപ്പോള്‍ അതെല്ലാം മാറിമറിഞ്ഞിട്ടുണ്ട്.
മയക്കുമരുന്ന് സംബന്ധിച്ച് ഇന്ത്യന്‍ പ്രവാസികളില്‍ ബോധവത്കരണം അനിവാര്യമാണ്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ അറിയാത്തവര്‍ ഇപ്പോഴും പ്രവാസികളിലുണ്ട്. ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും സാമൂഹ്യ സംഘടനകളുടെയും നേതൃത്വത്തില്‍ ബോധവത്കരണം ഉണ്ടായാല്‍ ഇന്ത്യക്കാര്‍ ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്നതിന്റെ തോത് കുറക്കാനാകും. നിരപരാധിത്വം തെളിയിക്കാന്‍ കഴിയാതെ ജയിലുകളില്‍ കഴിയുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് നിയമസഹായവും നല്‍കേണ്ടതുണ്ട്.

 

മലയാളം ന്യൂസ് വാർത്താ അപ്‌ഡേറ്റുകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക...

 

Latest News