ന്യൂദല്‍ഹി - കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ യു ജി സി സുപ്രീംകോടതിയിയെ സമീപിച്ചു. പ്രിയാ വര്‍ഗീസിന് അനുകൂലമായ ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. ഹൈക്കോടതി വിധിയെ തുടര്‍ന്ന് പ്രിയാ വര്‍ഗീസിനോട് അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ ചാര്‍ജെടുക്കമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സര്‍വ്വകലാശാല നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് യു ജി സി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതി വിധി യു ജി സി റെഗുലേഷന് എതിരാണെന്ന് അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു. യു ജി സി ചട്ടത്തില്‍ നിഷ്‌കര്‍ഷിക്കുന്ന എട്ട് വര്‍ഷത്തെ അധ്യാപന പരിചയത്തില്‍ പഠനേതര ജോലികള്‍ കണക്കാക്കാന്‍ കഴിയില്ലെന്നും യു ജി സിയുടെ ഹര്‍ജിയില്‍ പറയുന്നുണ്ട്. സിംഗിള്‍ ബെഞ്ച് വിധി തള്ളിക്കൊണ്ട് പ്രിയാ വര്‍ഗീസിന് നിയമനത്തിന് യോഗ്യത ഉണ്ടെന്നായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ഹൈക്കോടതി വിധിയോടെ 2018-ലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനവും ആയി ബന്ധപ്പെട്ട ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാകുമെന്നും കേരള ഹൈക്കോടതി വിധി അഖിലേന്ത്യാ തലത്തില്‍ പ്രത്യാഘാതമുണ്ടാക്കുമെന്നും സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ യു ജി സി ചൂണ്ടിക്കാട്ടുന്നുണ്ട്.