കൊച്ചി - പി വി അന്‍വര്‍ എം എല്‍ എ കൈവശം വെച്ച മിച്ചഭൂമി തിരിച്ചു പിടിക്കാത്തതില്‍ കര്‍ശന നിലപാടുമായി ഹൈക്കോടതി. പി വി അന്‍വറിന്റെ അനധികൃത ഭൂമി തിരിച്ചുപിടിക്കുന്നതിന് സാവകാശം വേണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളി. അടുത്ത ചൊവ്വാഴ്ച വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഹര്‍ജി പരിഗണിച്ചപ്പോള്‍ കുറഞ്ഞത് 10 ദിവസമെങ്കിലും നടപടി റിപ്പോര്‍ട്ട് നല്‍കാന്‍ സാവകാശം വേണമെന്ന് സര്‍ക്കാര്‍ വീണ്ടും ആവശ്യപ്പെട്ടു. എന്നാല്‍ മിച്ചഭൂമി തിരിച്ചുപിടിക്കാന്‍ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടുത്തി അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദമായ സത്യാവങ്മൂലം നല്‍കണമെന്ന് ജസ്റ്റിസ് രാജ വിജയരാഘവന്‍ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. 2017ലാണ് സംസ്ഥാന ലാന്റ് ബോര്‍ഡിനും താമരശ്ശേരി താലൂക്ക് ലാന്റ് ബോര്‍ഡ് ചെയര്‍മാനും പിവി അന്‍വറും കുടുംബവും കൈവശവെച്ച മിച്ച ഭൂമി തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കാതിരുന്നതോടെ 2022 ജനുവരി 13 ന് വീണ്ടും അഞ്ച് മാസം സാവകാശം നല്‍കി. തുടര്‍ന്നും സര്‍ക്കാര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് ഹൈക്കോടതി നിലപാട് കടുപ്പിച്ചത്.