റിയാദ് - ലോറി ഡ്രൈവർമാർക്ക് മതിയായ വിശ്രമം ഉറപ്പുവരുത്തുന്ന ചരക്ക് ഗതാഗത, ലോറി വാടക നിയമാവലി ഔദ്യോഗിക ഗസറ്റിൽ ഇന്നലെ പ്രസിദ്ധീകരിച്ചു. നിയമാവലി 90 ദിവസത്തിനു ശേഷം പ്രാബല്യത്തിൽ വരും. ചരക്ക് ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്നതിനുള്ള വ്യവസ്ഥകളും ലോറികൾക്കുള്ള മാനദണ്ഡങ്ങളും ഡ്രൈവർമാരുടെ ജോലിക്കുള്ള നിബന്ധനകളും ഇവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളും ഇതിനുള്ള ശിക്ഷകളും നിയമാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുപത്തിനാലു മണിക്കൂറിനിടെ ഡ്രൈവർമാർ വാഹനമോടിക്കുന്ന സമയം ഒമ്പതു മണിക്കൂറിൽ കൂടാൻ പാടില്ലെന്ന് നിയമവലി വ്യക്തമാക്കുന്നു. ഒരാഴ്ചയിൽ രണ്ടു തവണ ഇത് പരമാവധി പത്തു മണിക്കൂറായി ദീർഘിപ്പിക്കാവുന്നതാണ്. ലോറി ഡ്രൈവർമാരുടെ പ്രതിവാര തൊഴിൽ സമയം 56 മണിക്കൂറിൽ കൂടാൻ പാടില്ല. തുടർച്ചയായി രണ്ടാഴ്ചക്കാലം വാഹനമോടിക്കുന്ന സമയം 90 മണിക്കൂറിലും കൂടാൻ പാടില്ല.
തുടർച്ചയായി നാലര മണിക്കൂർ ലോറികൾ ഓടിക്കുന്ന ഡ്രൈവർമാർ മുക്കാൽ മണിക്കൂർ വിശ്രമമെടുക്കൽ നിർബന്ധമാണ്. ഇത് രണ്ടു തവണയായും പ്രയോജനപ്പെടുത്താവുന്നതാണ്. നാലര മണിക്കൂർ ജോലിക്കിടെ ഇങ്ങനെ രണ്ടു തവണയായി വിശ്രമമെടുക്കുന്നവർ ആദ്യ തവണ 15 മനിറ്റിലും രണ്ടാം തവണ മുപ്പതു മിനിറ്റിലും കുറയാതെ വിശ്രമിച്ചിരിക്കണം. വിശ്രമ സമയത്ത് ഡ്രൈവർമാർ മറ്റു ജോലികളൊന്നും നിർവഹിക്കാൻ പാടില്ല.
ലോറി ഡ്രൈവർമാരുടെ പ്രതിദിന വിശ്രമ സമയം തുടർച്ചയായുള്ള പതിനൊന്നു മണിക്കൂറിൽ കുറയാൻ പാടില്ല. തൊട്ടു മുമ്പുള്ള വിശ്രമ സമയം അവസാനിച്ച് ഇരുപത്തിനാലു മണിക്കൂർ പിന്നിടുന്നതിനു മുമ്പാണ് ഈ വിശ്രമം ഡ്രൈവർമാർ പ്രയോജനപ്പെടുത്തേണ്ടത്. ഡ്രൈവർമാരുടെ പ്രതിവാര വിശ്രമ സമയം തുടർച്ചയായുള്ള 48 മണിക്കൂറിൽ കുറയരുത്. പരമാവധി തുടർച്ചായായുള്ള ആറു പ്രവൃത്തി ദിവസങ്ങൾക്കു ശേഷം ഡ്രൈവർമാർക്ക് തുടർച്ചയായി 48 മണിക്കൂർ വിശ്രമം അനുവദിക്കൽ നിർബന്ധമാണ്.
ആകെ ഭാരം മൂന്നര ടണ്ണോ അതിൽ കുറവോ ആയ ലോറികൾ, അടിയന്തിര സാഹചര്യങ്ങളിലും പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴും മെഡിക്കൽ ഉപകരണങ്ങളും വസ്തുക്കളും ഭക്ഷ്യവസ്തുക്കളും നീക്കം ചെയ്യുന്ന ലോറികൾ, സായുധ സേനകളുടെ ഉടമസ്ഥതയിലുള്ള ചരക്കു ലോറികൾ എന്നിവയിലെ ഡ്രൈവർമാർക്ക് ഈ വ്യവസ്ഥകൾ ബാധമല്ല. ലൈസൻസില്ലാതെ ചരക്ക് ഗതാഗത മേഖലയിലും ലോറികൾ വാടകക്ക് നൽകുന്ന മേഖലയിലും പ്രവർത്തിക്കുന്നവർക്കും കാർഗോ ഏജന്റായും പ്രവർത്തിക്കുന്നവർക്ക് അയ്യായിരം റിയാൽ പിഴ ലഭിക്കും. ഇവ അടക്കം 93 നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷകൾ നിയമാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.