തിരുവനന്തപുരം- സി.പി.എം സംസ്ഥാന സെക്രട്ടറിയായ ശേഷം ആദ്യം ഇടപെട്ട നിര്‍ണായകമായ രാഷ്ട്രീയനീക്കത്തില്‍ കാല്‍ വഴുതി എം.വി ഗോവിന്ദന്‍. പാര്‍ട്ടിയുടെ സൈദ്ധാന്തിക നേതാവായി കരുതപ്പെട്ടിരുന്ന ഗോവിന്ദന്റെ പ്രായോഗിക രാഷ്ട്രീയ നീക്കം പാളിയത് ഏക സിവില്‍കോഡ് വിഷയത്തില്‍ മുസ്്‌ലിം ലീഗിനെ ഒപ്പം നിര്‍ത്തി യു.ഡി.എഫിനെ പരിക്കേല്‍പിക്കാനുള്ള ശ്രമത്തിലാണ്.
യു.ഡി.എഫ് ക്യാമ്പിലും മുസ്‌ലിം ലീഗിലും അല്‍പദിവസം ആശയക്കുഴപ്പത്തിന് വഴിമരുന്നിട്ടെങ്കിലും ആത്യന്തികമായി പാര്‍ട്ടിക്ക് ഹാനികരമായ നിലപാടായി മാറി അത്. സി.പി.എം സംഘടിപ്പിക്കുന്ന ഏക സിവില്‍കോഡ് സെമിനാറില്‍ ലീഗിനെ പങ്കെടുപ്പിക്കാനാകും എന്നായിരുന്നു ഗോവിന്ദന്റെ ഉറച്ച മനസ്സ്. ചില ലീഗ് കേന്ദ്രങ്ങളില്‍നിന്ന് ഇത്തരത്തില്‍ സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് പാര്‍ട്ടി ഇക്കാര്യത്തില്‍ ഏറെ മുന്നോട്ടുപോയതും സമൂഹത്തില്‍ ഇത് വലിയ ചര്‍ച്ചാവിഷയമാക്കിയതും. എന്നാല്‍ അവസാന നിമിഷം അടവുനയം പാളുകയായിരുന്നു.
ലീഗിനെ ഒപ്പം നിര്‍ത്തി യു.ഡി.എഫിനെ പ്രഹരിക്കുകയെന്ന അടവുനയം മുമ്പും സി.പി.എം പരീക്ഷിച്ച് വിജയിച്ചിട്ടുള്ളതാണ്. എന്നാലത് പ്രധാനമായും പ്രാദേശികതലത്തിലായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ അടവുനയം വിജയകരമായി പരീക്ഷിച്ചത് പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്നപ്പോഴാണ്. ചരിത്രം ആവര്‍ത്തിക്കാന്‍ പക്ഷെ എം.വി ഗോവിന്ദന് ആയില്ല.
സി.പി.എം സെമിനാറില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച മുസ് ലിം ലീഗ് മുന്നോട്ട് വെച്ച കാരണവും സമൂഹത്തിന് സ്വീകാര്യമായത് സി.പി.എമ്മിനെ കൂടുതല്‍ വെട്ടിലാക്കി. സി.പി.എം ഏകസിവില്‍കോഡ് വിഷയത്തില്‍ പങ്കുവെച്ച ആശങ്കയും നിലപാടും ലീഗ് തള്ളിയിട്ടില്ല. എന്നാല്‍ പ്രതിപക്ഷ മുന്നണിയില്‍നിന്നു കൊണ്ട് ഭരണമുന്നണിക്ക് രാഷ്ട്രീയ ലാഭമുണ്ടാക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത് ധാര്‍മികമായി ശരിയല്ലെന്ന ലീഗ് നിലപാട് മുസ്‌ലിം സമൂഹത്തിനും പൊതുവേ സ്വീകാര്യമായി. അതിനാല്‍ രാഷ്ട്രീയലാക്ക് വെച്ച് സമുദായത്തെ വഞ്ചിച്ചുവെന്ന് ലീഗിനെ ആക്ഷേപിക്കാന്‍ സി.പി.എമ്മിന് കഴിയാതായി.
സ്വന്തം പാളയത്തില്‍നിന്നുയര്‍ന്ന എതിര്‍പ്പും സി.പി.എമ്മിന്റെ പ്രതിച്ഛായക്ക് കോട്ടം തട്ടിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗിനെ സെമിനാറിന് ക്ഷണിച്ചതില്‍ അതൃപ്തി പങ്കുവെച്ചത് സി.പി.ഐ ആണ്. ലീഗിനെ ഇടതുമുന്നണിയിലേക്ക് കൊണ്ടുവരാനുള്ള ഏത് നീക്കത്തിനും സി.പി.ഐ എതിരാണ്. ഇടതുമുന്നണിയിലെ തങ്ങളുടെ രണ്ടാം സ്ഥാനത്തിന് കോട്ടം തട്ടുമെന്ന ഭയം മാത്രമാണ് അതിന് കാരണം. എം.വി ഗോവിന്ദന്റെ രാഷ്ട്രീയ പക്വതക്കുറവായാണ് പുതിയ സംഭവവികാസത്തെ സി.പി.ഐ വിലയിരുത്തുന്നത്.
ലീഗിനെ മതേതര പാര്‍ട്ടി എന്നു വിശേഷിപ്പിച്ചും നിരന്തരം പുകഴ്ത്തിയും അടുപ്പിച്ചുനിര്‍ത്താനുളള ശ്രമം സി.പി.എം ആരംഭിച്ചത് ഇനിയും തുടര്‍ഭരണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. രണ്ടു ടേമിലായി പ്രതിപക്ഷത്തിരിക്കുന്നതില്‍ അസ്വസ്ഥരായ ലീഗിലെ ഒരു വിഭാഗവും സമാനമായി ചിന്തിക്കുന്നു. എന്നാല്‍ ദേശീയതലത്തില്‍ സവിശേഷമായ രാഷ്ട്രീയ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ കോണ്‍ഗ്രസിനെ കൈവിടുകയെന്നത് ലീഗിന് രാഷ്ട്രീയ ക്ഷീണമുണ്ടാക്കുകയേ ഉള്ളു. ദേശീയതലത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള ശ്രമം സജീവമായി തുടരുമ്പോള്‍ കോണ്‍ഗ്രസിനെ ദുര്‍ബലമാക്കാനുള്ള ഏത് തീരുമാനവും തിരിച്ചടിയാകും.
ഇത് മനസ്സിലാക്കിയാണ് പൊതുപ്രശ്‌നങ്ങളില്‍ ദേശീയതലത്തില്‍ സി.പി.എമ്മിനൊപ്പം നില്‍ക്കുന്നതില്‍ സമ്മതമറിയിക്കുമ്പോള്‍ തന്നെ കേരളത്തില്‍ സ്വന്തം മുന്നണിയെ വഞ്ചിക്കുന്ന നിലപാട് ഒഴിവാക്കുകയെന്ന പക്വതയാര്‍ന്ന സമീപനത്തിലേക്ക് ലീഗ് എത്തിച്ചേര്‍ന്നത്. വലിയൊരു ദേശീയ വിഷയത്തില്‍ സി.പി.എമ്മിന്റേത് വെറും വോട്ട് ബാങ്ക് രാഷ്ട്രീയമായിപ്പോയി എന്ന വിമര്‍ശവും അധാര്‍മിക സമീപനമെന്ന പൊതുവിലയിരുത്തലും നിലനില്‍ക്കുന്നു. ഈ ക്ഷീണത്തില്‍നിന്ന് കരകയറാന്‍ സി.പി.എമ്മും എം.വി ഗോവിന്ദനും പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടി വരും.