കൊച്ചി-രണ്ടു ലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണം സംസ്ഥാനത്തിനകത്ത് കൊണ്ടുപോകുന്നതിന് അംഗീകൃത രേഖയോ, ഇ- വേ ബില്ലോ നിര്‍ബന്ധമാക്കും. ഇന്ന് ദല്‍ഹിയില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗം പുതിയ നിയമത്തിന് അംഗീകാരം നല്‍കും. സംസ്ഥാന ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അദ്ധ്യക്ഷനായ സമിതി നല്‍കിയ നിര്‍ദ്ദേശമാണ് കൗണ്‍സില്‍ പരിഗണിക്കുന്നത്. വില്‍ക്കാനുള്ളതാണോ, വില്‍പന നടത്തിയതാണോ, ഓര്‍ഡര്‍ അനുസരിച്ച് ആഭരണങ്ങള്‍ നിര്‍മ്മിച്ച് നല്‍കിയതാണോ എന്ന് വ്യക്തമാക്കുന്ന ബില്‍ കൈവശമുണ്ടായിരിക്കണം. രേഖയില്ലാതെ പിടികൂടിയാല്‍ നികുതിത്തട്ടിപ്പിന് കേസെടുക്കും. നികുതിയും പിഴയും ഒടുക്കിയാലേ സ്വര്‍ണം വിട്ടുകിട്ടൂ. നികുതിവെട്ടിപ്പ് പിടിക്കാന്‍ സ്‌പെഷ്യല്‍ വിജിലന്‍സ് ടീം രൂപീകരിക്കും.
50,000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള മറ്റെല്ലാ ചരക്കിന്റെയും നീക്കത്തിന് ഇ-വേ ബില്‍ നിര്‍ബന്ധമാണെങ്കിലും സ്വര്‍ണത്തെ ഒഴിവാക്കിയിരുന്നു. ജി.എസ്.ടി നടപ്പാക്കിയശേഷം സ്വര്‍ണ ഇടപാടില്‍ നിന്നുള്ള വരുമാനത്തില്‍ കനത്ത ഇടിവ് വന്നതോടെ കേരളമാണ് ഈ നിര്‍ദ്ദേശം ആദ്യം മുന്നോട്ടുവച്ചത്. ഗുജറാത്ത്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ വിയോജിച്ചു. സ്വര്‍ണ, രത്‌ന വ്യവസായത്തിന് രഹസ്യ സ്വഭാവം ആവശ്യമാണെന്നാണ് വാദിച്ചത്. തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാനുള്ള അനുവാദം നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ ധാരണയായി.