ഫറോക്ക്- മലപ്പുറം ജില്ലയുടെ പ്രധാന റെയില്‍വേ സ്റ്റേഷനായ തിരൂരില്‍ പോലും നിര്‍ത്താതെയാണ് കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് കുതിക്കുന്നത്. തിരൂരിനെ കൊതിപ്പിച്ച് സ്റ്റോപ്പ് ഒഴിവാക്കിയതാണ്. ട്രയല്‍ റണ്ണില്‍ നിര്‍ത്തിയിരുന്നു. എന്നാല്‍ ചെറിയ സ്റ്റേഷനായ ഫറോക്കില്‍ വന്ദഭാരത് ട്രെയിന്‍ നിര്‍ത്തി. കോഴിക്കോട് നിന്ന് സുമാര്‍ 12 കി.മീ അകലെയാണ് ഫറോക്ക് സ്‌റ്റേഷന്‍. ഇന്നലെ വൈകുന്നേരമാണ് കുതിച്ചു പായുന്ന വന്ദേഭാരത് ഫറോക്കില്‍ മൂന്ന് മിനുറ്റ് നിര്‍ത്തിയത്. അതിനൊരു കാരണമുണ്ട്. ഇന്നലെ വന്ദേഭാരത് യന്ത്രത്തകരാര്‍ കാരണം കണ്ണൂരില്‍ നിന്ന് പുറപ്പെട്ടത് രണ്ടു മണിക്കൂറോളം വൈകിയായിരുന്നു. റോഡില്‍ മൂന്നും നാലും മണിക്കൂര്‍ വേണ്ട കോഴിക്കോട്-കണ്ണൂര്‍ യാത്രയ്ക്ക് വന്ദേഭാരതിന് ഒരു മണിക്കൂര്‍ മതി. കോഴിക്കോട്-ഷൊര്‍ണൂര്‍ യാത്രക്കും ഇതേ സമയം മതി. ഇന്നലെ ഈ ട്രെയിനില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഗള്‍ഫ് നഗരങ്ങളിലേക്ക് പറക്കാനുള്ള അമ്പതിലേറെ യാത്രക്കാരുണ്ടായിരുന്നു. കോഴിക്കോടിറങ്ങി റോഡ് മാര്‍ഗം കരിപ്പൂരിലെത്താന്‍ ഗതാഗത കുരുക്ക് കാരണം രണ്ട് മണിക്കൂര്‍ സമയം വേണ്ടി വരും. പന്തീരാങ്കാവ്, മീഞ്ചന്ത ബൈപാസുകളില്‍ വൈകുന്നേരം നല്ല തിരക്കാണ്. വിമാനം മിസ്സാവുമെന്ന ആശങ്കയില്‍ റെയില്‍വേ അധികൃതരോട് യാത്രക്കാര്‍ സങ്കടം പറഞ്ഞു. അങ്ങിനെയാണ് ഫറോക്ക് നിര്‍ത്താന്‍ തീരുമാനമായത്. റെയില്‍േേവയുടെ മാനുഷിക സമീപനം എല്ലാവരേയും ആഹ്ലാദിപ്പിച്ചു.