കോട്ടയം- ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന കേസില്‍ അറസ്റ്റ് നീളും. കന്യാസ്ത്രീയുടെ മൊഴി നൂറു ശതമാനവും വിശ്വസനീയമല്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. അന്വേഷണ സംഘം ജലന്ധറിലെത്തി വിശദമായ അന്വേഷണം നടത്തിയശേഷം മാത്രമേ നടപടികളിലേക്ക്് കടക്കൂ എന്ന്്് ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. പരാതി നല്‍കാന്‍ വൈകിയതും നല്‍കിയ മൊഴിയിലെ പൊരുത്തക്കേടുമാണ്് ജലന്ധര്‍ ബിഷപ്പിലേക്കുളള അന്വേഷണം വൈകിപ്പിക്കുന്നത്്. ഇതിനിടെ കന്യാസ്ത്രീയുടെ മൊബൈല്‍ കാണാതെപോയതും അന്വേഷണത്തിന് തിരിച്ചടിയായി.
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന പരാതിയുടെ അന്വേഷണത്തിന്റെ ഭാഗമായി കര്‍ദ്ദിനാള്‍ മാര്‍.ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുക്കുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു. കര്‍ദ്ദിനാളിന്റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം സമയം ചോദിച്ചിട്ടുണ്ട്. കര്‍ദ്ദിനാളിന് പുറമേ പാലാ ബിഷപ്പ്, കുറവിലങ്ങാട് വികാരി എന്നിവരുടേയും മൊഴിയെടുക്കും. ഇവരോട് സമയം ചോദിച്ചതായും എസ്.പി ഹരിശങ്കര്‍ വ്യക്തമാക്കി. ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണത്തില്‍ കേരളത്തിലെ അന്വേഷണം ഉടന്‍ പൂര്‍ത്തിയാകുമെന്നും കൂടുതല്‍ അന്വേഷണത്തിനായി 18ഓടെ പോലീസ് സംഘം ജലന്ധറിലേക്ക് തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വ്യക്തമായ തെളിവ് ലഭിച്ചാല്‍ മാത്രമേ ബിഷപ്പിന് അറസ്റ്റ് ചെയ്യുകയുള്ളുവെന്ന നിലപാടിലാണ് പോലീസ്. നിലവിലുളള മൊഴിമാത്രം അടിസ്ഥാനമാക്കി മുന്നോട്ടുപോകാനാവില്ല. കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണ സംഘം നടത്തുന്ന മൊഴിയെടുക്കല്‍ അവസാനഘട്ടത്തിലേക്കെത്തിയ സാഹചര്യത്തിലാണ് കര്‍ദ്ദിനാളിന്റെയും പാലാ ബിഷപ്പിന്റെയും കുറവിലങ്ങാട് വികാരിയുടേയും മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. പോലീസില്‍ പരാതി നല്‍കുന്നതിനു മുന്‍പ് പാലാ ബിഷപ്പ്, കര്‍ദിനാള്‍, പള്ളിവികാരി എന്നിവര്‍ക്ക് താന്‍ പരാതി നല്‍കിയിരുന്നതായി കന്യാസ്ത്രീ പറഞ്ഞിരുന്നു. ഇക്കാര്യം സഭ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കന്യാസ്ത്രീ അടക്കമുള്ളവര്‍ തന്നെ സന്ദര്‍ശിച്ചിരുന്നു എന്ന കാര്യം കര്‍ദിനാള്‍ വാര്‍ത്താക്കുറിപ്പില്‍ സമ്മതിച്ചിരുന്നു. ഇത്തരം കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനുകൂടിയാണ് പോലീസ് ഇവരുടെയെല്ലാം മൊഴിയെടുക്കുന്നത്. ഇത് ഒരാഴ്ചകൊണ്ട് പൂര്‍ത്തീകരിക്കും.
നിലവില്‍ കേരളത്തിലുള്ള അന്വേഷണമാണ് നടന്നുവരുന്നത്. കഴിഞ്ഞ ദിവസം അന്വേഷണോദ്യോഗസ്ഥന്‍ കണ്ണൂരില്‍ പോയിരുന്നു. ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ കൂടുതല്‍ വ്യക്തത ആവശ്യമാണെന്നും ഏതാനും ചിലരുടെ മൊഴി കൂടി ലഭിച്ചാല്‍ കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയാകുമെന്നും പോലീസ് വ്യക്തമാക്കി. കേരളത്തിലെ അന്വേഷണം പൂര്‍ത്തീകരിച്ചതിനു ശേഷം ജലന്ധറിലേക്ക് പോകാനാണ് ഉദ്ദേശിക്കുന്നതെന്നും എസ്.പി പറഞ്ഞു. കേരളത്തില്‍നിന്ന് ശേഖരിച്ച തെളിവുകളുടേയും സാക്ഷി മൊഴികളുടേയും അടിസ്ഥാനത്തിലാകും അന്വേഷണ സംഘം ബിഷപ്പിനെ ജലന്ധറില്‍ എത്തി ചോദ്യം ചെയ്യുക. ഇതിനായി പ്രത്യേക ചോദ്യാവലിയും തയ്യാറാക്കും. അതേസമയം കണ്ണൂരിലെ തെളിവെടുപ്പിന് ശേഷം അന്വേഷണ സംഘം കോട്ടയത്ത് തിരിച്ചെത്തി.