ബ്ലാഗ്നാക്- യൂറോപ്യന്‍ വിമാന നിര്‍മാതാക്കളായ എയര്‍ ബസിന് ഇന്ത്യയില്‍ നിന്നും വന്‍ ഓര്‍ഡര്‍ ലഭിച്ചതോടെ നേട്ടം റെക്കോര്‍ഡിലെത്തി. ജൂണ്‍ മാസത്തിലാണ് ഇന്ത്യയില്‍ നിന്നും എയര്‍ബസിന് വലിയ ഓര്‍ഡര്‍ ലഭിച്ചത്. ഇതോടെ എയര്‍ബസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ആദ്യപകുതിയില്‍ കമ്പനിക്ക് 1,044 ഓര്‍ഡറുകളാണ് ലഭിച്ചത്.
കഴിഞ്ഞ മാസം നടന്ന പാരീസ് എയര്‍ഷോയില്‍ പ്രഖ്യാപിച്ച ഇന്‍ഡിഗോയുടെ 500 ജെറ്റുകളും എയര്‍ ഇന്ത്യയുടെ 250 ജെറ്റുകളും എയര്‍ബസിന്റെ വലിയ ഓര്‍ഡറുകളാണ്. ഇന്ത്യയിലെ അതിവേഗം വളരുന്ന വ്യോമയാന വിപണിയില്‍ പിടിച്ചുനില്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിമാനക്കമ്പനികള്‍ കൂടുതല്‍ പുതിയ വിമാനങ്ങള്‍ ഉള്‍പ്പെടുത്തി സേവനങ്ങള്‍ വിപുലീകരിക്കുന്നത്.
ഇന്ത്യയില്‍ വിമാന യാത്രക്കാരുടെ എണ്ണം വളരെ വേഗത്തിലാണ് വര്‍ധിക്കുന്നത്. അതിന് അനുസരിച്ച് എയര്‍ലൈന്‍ സേവനവും നിലവാരവും മെച്ചപ്പെടുത്താനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. എന്നാല്‍ വിതരണ ശൃംഖലയിലെ തടസ്സങ്ങളെ തുടര്‍ന്ന് ഉത്പാദന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ വിമാന നിര്‍മാണ കമ്പനികള്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
ഈ വര്‍ഷം ആദ്യത്തെ ആറു മാസത്തിനിടയില്‍ എയര്‍ബസ് കമ്പനി മൊത്തം 316 ജെറ്റുകളാണ് വിതരണം ചെയ്തതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 2022ല്‍ ഇതേ കാലയളവില്‍ എയര്‍ബസ് 442 ഓര്‍ഡറുകള്‍ നേടുകയും ചില റദ്ദാക്കലുകള്‍ക്കു ശേഷം ഓര്‍ഡറുകള്‍ 259 ആയി കുറയുകയും ചെയ്തിരുന്നു. 297 ജെറ്റുകളാണ് ഇക്കാലയളവില്‍ വിതരണം ചെയ്തത്. ഈ വര്‍ഷം അവസാനത്തോടെ 720 ഡെലിവറികള്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ജനുവരി മുതല്‍ മെയ് വരെയുള്ള അഞ്ച് മാസത്തിനിടയില്‍ ബോയിംഗിന് 223 ഓര്‍ഡറുകളാണ് ലഭിച്ചത്. റദ്ദാക്കലുകള്‍ക്കുശേഷം മൊത്തം ഓര്‍ഡര്‍ 127 ആയി. ഈ സമയത്ത് കമ്പനി 206 വിമാനങ്ങള്‍ വിതരണം ചെയ്തു.