ഇടുക്കി - അരിക്കൊമ്പന്റെ വിഹാരരംഗമായിരുന്ന ഇടുക്കിയിലെ 301 ആദിവാസി കോളനി സന്ദര്‍ശിക്കാനെത്തിയ അരിക്കൊമ്പന്‍ ഫാന്‍സുകാരെ നാട്ടുകാര്‍ തടഞ്ഞു. മൃഗസംരക്ഷണ സംഘടനയായ ' അനെക്കിന്റെ ' പ്രതിനിധികളെയാണ് നാട്ടുകാര്‍ തടഞ്ഞത്. ആനിമല്‍ ആന്‍ഡ് നേച്ചര്‍ എത്തിക്‌സ് കമ്മ്യൂണിറ്റി എന്ന സംഘടനയുടെ പ്രവര്‍ത്തകരായ ഏഴംഗ സംഘമാണ് ചിന്നക്കനാലില്‍ എത്തിയത്. വനിതകളും സംഘത്തിലുണ്ടായിരുന്നു. നാട്ടുകാരും സംഘടനാ പ്രവര്‍ത്തകരും തമ്മില്‍ ഏറെ നേരം വാക്കു തര്‍ക്കമുണ്ടായി. ഒടുവില്‍ പോലീസെത്തും മുന്‍പ് ഇരുകൂട്ടരും പിരിഞ്ഞു പോകുകയായിരുന്നു. നാട്ടുകാര്‍ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് കാട്ടി സംഘടനാ പ്രതിനിധികള്‍ മൂന്നാര്‍ ഡി വൈ എസ് പിക്ക് പരാതി നല്‍കി.
അരിക്കൊമ്പനെ ഇവിടെ നിന്ന് മയക്കുവെടി വെച്ച് പിടികൂടി മാറ്റിയതില്‍ പ്രതിഷേധിച്ച് 18 ന് മൂന്നാര്‍ ഡി എഫ് ഒ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്താന്‍ ' അനെക് ' സംഘടന തീരുമാനിച്ചിട്ടുണ്ട്. അരിക്കൊമ്പന്‍ വിഹരിച്ച 301 കോളനി സന്ദര്‍ശിച്ച് താമസക്കാരെ ഇതിലേക്ക് ക്ഷണിക്കുകയായിരുന്നു ഇവര്‍ കോളനിയിലെത്തിയത്. സിങ്കുകണ്ടത്ത് നിന്ന് 301 കോളനിയിലേക്കുള്ള വഴിയില്‍ വച്ച് നാട്ടുകാര്‍ ഇവരെ തടയുകയും ഇത് തര്‍ക്കത്തില്‍ കലാശിക്കുകയുമായിരുന്നു. അതേസമയം, പ്രദേശത്തെ കാട്ടാന ശല്യത്തെക്കുറിച്ച് സംഘാംഗങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കമുണ്ടായതെന്നാണ്് സിങ്കുകണ്ടത്തെ നാട്ടുകാര്‍ പറയുന്നത്.