കുവൈത്ത് സിറ്റി - രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പണം വെളുപ്പിക്കല്‍ കേസില്‍ രാജകുടുംബാംഗം കൂടിയായ മുന്‍ പ്രധാനമന്തിയുടെ പുത്രനും കൂട്ടാളിക്കും രണ്ടു വിദേശികള്‍ക്കും വിചാരണ കോടതി വിധിച്ച ശിക്ഷ അപ്പീല്‍ കോടതി ശരിവെച്ചു. പ്രതികള്‍ക്ക് പത്തു വര്‍ഷം വീതം തടവാണ് കോടതി വിധിച്ചത്. കേസിലെ മറ്റൊരു പ്രതിയായ അഭിഭാഷകനെ കോടതി ഏഴു വര്‍ഷം തടവിന് ശിക്ഷിച്ചു. അഞ്ചു പ്രതികളും ചേര്‍ന്ന് 100 കോടി ഡോളര്‍ സര്‍ക്കാര്‍ ഖജനാവില്‍ തിരിച്ചടക്കണമെന്നും വിധിയുണ്ട്. കൂടാതെ പ്രതികള്‍ക്ക് ആകെ 14.5 കോടി കുവൈത്തി ദീനാര്‍ (50 കോടി ഡോളര്‍) പിഴ ചുമത്തിയിട്ടുമുണ്ട്.
മലേഷ്യന്‍ ഫണ്ട് എന്ന പേരില്‍ അറിയപ്പെട്ട അഴിമതി കേസിലെ അന്വേഷണം രണ്ടു വര്‍ഷം നിര്‍ത്തിവെച്ച ശേഷം അടുത്തിടെ പബ്ലിക് പ്രോസിക്യൂഷന്‍ പുനരാരംഭിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിദേശ ഏജന്‍സികളില്‍ നിന്ന് ലഭിക്കാന്‍ പ്രതിബന്ധങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നാണ് കേസന്വേഷണം രണ്ടു വര്‍ഷം നിര്‍ത്തിവെച്ചത്. അഴിമതി വിരുദ്ധ പോരാട്ടത്തിനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ വീണ്ടും ഊര്‍ജിതമായതോടെ ഈ കേസില്‍ പുനരന്വേഷണം ആരംഭിക്കുകയായിരുന്നു.
2016 ല്‍ മലേഷ്യയിലാണ് ഈ കേസ് ആദ്യമായി കണ്ടെത്തിയത്. മുന്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് അബ്ദുറസാഖ് മേല്‍നോട്ടം വഹിച്ചിരുന്ന മലേഷ്യന്‍ പരമാധികാര ഫണ്ടില്‍ നിന്ന് തട്ടിയെടുത്ത പണം വെളുപ്പിക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുമായി ബന്ധപ്പെട്ട് 100 കോടിയിലേറെ ഡോളറിന്റെ ആസ്തികള്‍ വീണ്ടെടുക്കാന്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ പ്രോസിക്യൂഷന്‍ പ്രതിനിധികള്‍ കേസ് നല്‍കിയതോടെയാണ് പണം വെളുപ്പിക്കല്‍ കണ്ടെത്തിയത്.
വ്യാജ പദ്ധതികളുടെ മറവില്‍ ചൈനീസ്, മലേഷ്യന്‍ കമ്പനികള്‍ക്കു വേണ്ടി സംശയകരമായ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തതില്‍ കുവൈത്തിലെ മുന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുള്ളതായി വ്യക്തമാക്കി 2020 മേയില്‍ അന്നത്തെ പ്രതിരോധ മന്ത്രിയായിരുന്ന ശൈഖ് നാസിര്‍ സ്വബാഹ് അല്‍അഹ്മദിന് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ രേഖകള്‍ സമര്‍പ്പിച്ചതോടെയാണ് കുവൈത്തില്‍ പണം വെളുപ്പിക്കല്‍ കേസ് കണ്ടെത്തിയത്.
കുവൈത്തില്‍ വലിയ അധികാര സ്വാധീനമുള്ള വ്യക്തിയുടെ അക്കൗണ്ടില്‍ 100 കോടി ഡോളര്‍ എത്തിയതായും ഈ തുക പിന്നീട് വിദേശത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും കുവൈത്ത് നടത്തിയ അന്വേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു. കേസിലെ പ്രതിയായ മലേഷ്യന്‍ വിദഗ്ധനും മുന്‍ കുവൈത്ത് പ്രധാനമന്ത്രിയുടെ പുത്രനും മധ്യവര്‍ത്തി കമ്പനികള്‍ ഉപയോഗിച്ച് പണം മാറ്റാന്‍ പരസ്പരം സഹകരിക്കുകയായിരുന്നു. മുന്‍ പ്രധാനമന്ത്രിയുടെ പുത്രന്‍ ശൈഖ് സ്വബാഹ് ജാബിര്‍ അല്‍മുബാറക്കിനെ അറസ്റ്റ് ചെയ്യാന്‍ 2020 ജൂലൈയില്‍ കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടിരുന്നു.