തിരുവനന്തപുരം- സിറോ മലബാര്‍ സഭ ഭൂമി ഇടപാട് കേസില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ ഹാജരായില്ല. അസൗകര്യം ചൂണ്ടിക്കാട്ടിയാണ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഇ. ഡിയോട് സാവകാശം തേടിയത്.
എറണാകുളം- അങ്കമാലി അതിരൂപത ഭൂമി വില്‍പ്പനയില്‍ കള്ളപ്പണം ഉള്‍പ്പെട്ടെന്ന പരാതികളിലാണ് ഇ. ഡി അന്വേഷണം നടത്തുന്നത്. മൊഴിയെടുക്കാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെയും കത്ത് നല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം ഹാജരായിരുന്നില്ല.
കേസില്‍ സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയും ഇ. ഡി രേഖപ്പെടുത്തും. കേസില്‍ പ്രാഥമികമായ മൊഴിയെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതിനുശേഷമാണ് സഭയുടെ ഉന്നത തലങ്ങളിലേക്കും ചോദ്യം ചെയ്യല്‍ നീളുന്നത്.
ഭൂമിയിടപാട് നടന്ന കാലത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്ന സഭയുടെ പ്രൊക്യുറേറ്റര്‍ ഫാ. പോള്‍ മാടശ്ശേരി, ചാന്‍സിലര്‍ ഫാ. മാര്‍ട്ടിന്‍ കല്ലുങ്കല്‍ എന്നിവരെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും.