തിരുവനന്തപുരം - ശരീഅത്ത്, ഏകസിവിൽ കോഡ് വിഷയത്തിൽ സി.പി.എം മുൻ നിലപാടുകൾ തിരുത്തിയോ എന്നും അങ്ങനെയെങ്കിൽ ഏത് യോഗത്തിൽ ഏത് നയരേഖയുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. ഏകസിവിൽ കോഡുമായി ബന്ധപ്പെട്ട് സി.പി.എം നടത്തുന്ന സെമിനാറിൽ സമസ്തയും മുജാഹിദ് വിഭാഗങ്ങളും പങ്കെടുക്കുന്നതിൽ ആശങ്ക ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മതസംഘടനകളോട് സി.പി.എം സെമിനാറിന് പോകേണ്ട എന്ന് പറയാൻ ഞങ്ങൾ ആളല്ല. സി.പി.എം സെമിനാറിലേക്കുള്ള ക്ഷണം നിരസിച്ച മുസ്‌ലിം ലീഗിനെ അഭിനന്ദിക്കുന്നു. സി.പി.എം ശ്രമിച്ചത് രാഷ്ട്രീയ മുതലെടുപ്പിനാണ്. അതിന് യു.ഡി.എഫിനെ നോക്കേണ്ട. ഏകസിവിൽ കോഡ് വേണ്ട എന്നു തന്നെയാണ് കോൺഗ്രസിന്റെ എക്കാലത്തെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു.