Sorry, you need to enable JavaScript to visit this website.

ശോഭ സുരേന്ദ്രനൊപ്പം മാധ്യമങ്ങള്‍ക്ക് മുമ്പില്‍; ന്യൂനപക്ഷ മോര്‍ച്ച ജില്ലാ സെക്രട്ടറിയെ മാറ്റി

കൊച്ചി- ന്യൂനപക്ഷ മോര്‍ച്ച എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ജിത്തു വര്‍ഗീസിനെ മാറ്റി പാര്‍ട്ടി നേതൃത്വം.  നേതൃത്വം അവഗണിക്കുന്നുവെന്ന് ശോഭാ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞപ്പോള്‍ ജിത്തു വര്‍ഗീസും കൂടെ ഉണ്ടായിരുന്നു.
ഇതിനു പിന്നാലെയാണ് നടപടി. അതേസമയം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചതിന്റെ ഭാഗമായാണ് മാറ്റമെന്ന് പാര്‍ട്ടി അവകാശപ്പെട്ടു.
ജില്ലാ കമ്മിറ്റി പുനസംഘടിപ്പിക്കുന്നത് സ്വാഭാവികമായ നടപടിയാണെന്ന് ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ കെ.എസ്. ഷൈജു പറഞ്ഞു. മറ്റ് മോര്‍ച്ചകളിലും പുനസംഘടന നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നേതൃത്വം അവഗണിക്കുന്നുവെന്ന് കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ശോഭ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ശോഭ സുരേന്ദ്രന്‍ ഈ പ്രസ്താവന നടത്തുമ്പോള്‍ പുറകിലായി ജിത്തുവും നില്‍ക്കുന്നുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ജിത്തുവിനെയും വൈസ് പ്രസിഡന്റായ വര്‍ഗീസിനെയും സ്ഥാനത്ത് നിന്നും മാറ്റിയത്. കമ്മിറ്റിയില്‍ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടുമില്ല.

പൊതു സദസുകളില്‍ നിന്നു മാറ്റി നിര്‍ത്തി അപമാനിച്ചുവെന്നാണ് ശോഭ സുരേന്ദ്രന്റെ ആരോപണം. പാര്‍ട്ടിക്ക് വേണ്ടി സര്‍വ്വസ്വവും എനിക്ക് നഷ്ടപ്പെടുത്തേണ്ട സാഹചര്യം വരെ വന്നിട്ടുണ്ട്. ഒരു സ്ത്രീ പുലര്‍ത്തുന്ന റോളുകള്‍ കുടുംബത്തില്‍ ഏറ്റെടുക്കാന്‍ സാധിക്കാതെ വന്നത് കുടുംബത്തേക്കാള്‍ പ്രസ്ഥാനത്തെ സ്‌നേഹിച്ചത് കൊണ്ടാണ്. അങ്ങനെയുള്ള ഒരാളെയാണ് സമൂഹ മധ്യത്തില്‍ അപമാനിക്കുന്നത്- ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

 

Latest News