കണ്ണൂർ - കോൺഗ്രസിനെ തള്ളിയും മുസ്‌ലിം ലീഗിനെ പൊക്കിയും സി.പി.എം കേന്ദ്ര കമ്മറ്റി അംഗവും ഇടതു മുന്നണി കൺവീനറുമായ ഇ.പി ജയരാജൻ. ഏകസിവിൽ കോഡുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങളിലാണ് ഇ.പിയുടെ പ്രതികരണം.
ഇ.എം.എസ് ഏകസിവിൽ കോഡിനെ അനുകൂലിച്ചുവെന്നും 1985-ൽ നിയമസഭയിൽ അന്നതെ പ്രതിപക്ഷമായിരുന്ന സി.പി.എം അതിനായി വാദിച്ചുവെന്നുമുള്ള പ്രചാരണം തെറ്റാണെന്ന് ഇ.പി അവകാശപ്പെട്ടു. ഇ.എം.എസിന്റെ ലേഖനം സംബന്ധിച്ച് പ്രചരിക്കുന്നത് അബദ്ധ ധാരണകളാണ്. ഏകസിവിൽ കോഡ് വേണമെന്ന് ഇ.എം.എസ് പറഞ്ഞിട്ടില്ല. 85-ലെ നിയമസഭാ പ്രസംഗത്തിൽ സി.പി.എം എം.എൽ.എമാർ സിവിൽ കോഡിനായി വാദിച്ചിട്ടില്ല. പാർട്ടി, വ്യക്തികളുടെ മൗലികാവകാശം ഹനിക്കുന്ന സിവിൽ കോഡിന് എതിരാണ്. പണ്ട് പറഞ്ഞത് തപ്പി നടക്കേണ്ട കാര്യം എന്താണെന്നും അദ്ദേഹം ചോദിച്ചു.
സിവിൽ കോഡുമായി ബന്ധപ്പെട്ട സെമിനാറിലേക്ക് അഞ്ച് വോട്ട് കണ്ടല്ല ലീഗിനെ ക്ഷണിച്ചത്. രാജ്യതാത്പര്യം മുൻനിർത്തിയാണ്. ലീഗ് സഹകരിച്ച പല അവസരങ്ങളും ഉണ്ട്. നിഷേധാത്മക സമീപനം അവർ എടുത്തിട്ടില്ല. ലീഗിന്റെ പിന്തുണയില്ലെങ്കിൽ ഏതെങ്കിലും മണ്ഡലത്തിൽ കോൺഗ്രസ് ജയിക്കുമോയെന്നും ലീഗ് സഹകരിക്കുമെന്നാണ് ഇപ്പോഴും പ്രതീക്ഷയെന്നും ഇ.പി മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
മുസ്‌ലിം ലീഗ് മുന്നണി വിട്ടാൽ പിന്നെ യു.ഡി.എഫ് ഇല്ല. മുന്നണിയിൽ തുടരണമോ എന്നത് ലീഗ് ആലോചിക്കേണ്ട കാര്യമാണ്. യു.ഡി.എഫ് ഇനിയും ദുർബലമാകും. മോഡിയെ എതിർക്കുന്നതിനു പകരം കോൺഗ്രസ് സി.പി.എമ്മിനെയാണ് എതിർക്കുന്നത്. കോൺഗ്രസിനെ സെമിനാറിൽ ക്ഷണിക്കാത്തത് മൃദു ഹിന്ദുത്വ നിലപാടിനാലാണെന്നും അത് മാറ്റിയാൽ ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു.