കൊച്ചി - മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി മാധ്യമപ്രവർത്തകൻ ജി വിശാഖന്റെ ഫോൺ പിടിച്ചെടുത്ത പോലീസ് നടപടിക്കെതിരെ ഹൈക്കോടതി.
ഷാജൻ സ്കറിയയെ പിടിക്കാൻ കഴിയാത്തത് പോലീസിന്റെ വീഴ്ചയാണ്. അതിന്റെ പേരിൽ മാധ്യമപ്രവർത്തകരെ ബുദ്ധിമുട്ടിക്കരുത്. പ്രതി അല്ലാത്ത ആളുടെ മൊബൈൽ ഫോൺ എങ്ങനെ പിടിച്ചെടുക്കുമെന്നും കോടതി ചോദിച്ചു. അദ്ദേഹം ഒരു മാധ്യമപ്രവർത്തകനാണ്. ക്രിമിനൽ കേസിൽ പ്രതിയാണെങ്കിൽ കാര്യം കോടതിക്ക് മനസിലായേനെ. മാധ്യമപ്രവർത്തകന്റെ ഫോൺ ഉടൻ വിട്ടുനൽകണം. മാധ്യമപ്രവർത്തകന്റെ അടിസ്ഥാന അവകാശം ലംഘിക്കപ്പെട്ടു. കേസിൽ അന്വേഷണം നടത്താം. എന്നാൽ പ്രതിയല്ലാത്ത ഒരാളെ കസ്റ്റഡിയിലെടുക്കാൻ എങ്ങനെ സാധിക്കും. മാധ്യമപ്രവർത്തകർ ജനാധിപത്യത്തിന്റെ നാലാം തൂണാണ്. നടപടികൾ പാലിക്കാതെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കരുത്. എല്ലാ മാധ്യമപ്രവർത്തകരുടെയും മൊബൈലുകൾ പിടിച്ചെടുക്കുമോ എന്നും കോടതി ചോദിച്ചു.