ഒന്നരവയസ്സുകാരിയായ മകളെ  അച്ഛന്‍ വീട്ടിന് പുറത്തേക്കെറിഞ്ഞു

കൊല്ലം- ദമ്പതിമാര്‍ തമ്മിലുണ്ടായ കലഹത്തിനിടെ അച്ഛന്‍ ഒന്നരവയസ്സുകാരിയായ മകളെ പുറത്തേക്കെറിഞ്ഞു. സംഭവത്തില്‍ ചിന്നക്കട കുറവന്‍പാലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന തമിഴ്‌നാട് സ്വദേശികളായ കുഞ്ഞിന്റെ അച്ഛന്‍ മുരുകന്‍ (35), അമ്മ മാരിയമ്മ (23) എന്നിവരെ ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. മുരുകനും ഭാര്യ മാരിയമ്മയും വീട്ടിനുള്ളിലിരുന്നു മദ്യപിക്കുകയും തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്യുകയായിരുന്നു. ഈ സമയം അടുത്തേക്കു വന്ന ഒന്നരവയസ്സുകാരിയായ മകളെ മുരുകന്‍ വീടിനു പുറത്തേക്കെറിയുകയായിരുന്നു. സംഭവസമയം സ്ഥലത്തുണ്ടായിരുന്ന അയല്‍വാസികളാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചതെന്നും പോലീസ് പറഞ്ഞു. ജില്ലാ ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ തുടര്‍ന്ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റി. അയല്‍വാസികളുടെ മൊഴിയെടുത്തശേഷം ഇരുവരുടെയും പേരില്‍ ഈസ്റ്റ് പോലീസ് കേസെടുത്തു.

Latest News