തിരുവനന്തപുരം- സിപിഎമ്മിനെ പിടിച്ചുലച്ച് വീണ്ടും രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ വിഷ്ണു രക്തസാക്ഷി ഫണ്ടില്‍ തിരിമറി നടത്തിയെന്ന പരാതിയില്‍ സിപിഎം വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പാര്‍ട്ടി അന്വേഷണം. കേസ് നടത്തിപ്പിന് നല്‍കിയ ഫണ്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെന്നാണ് ഏരിയ കമ്മിറ്റി രവീന്ദ്രന്‍ നായര്‍ക്കെതിരായ പരാതി.
2008 ലാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ വഞ്ചിയൂര്‍ വിഷ്ണു കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനും കേസ് നടത്തിപ്പിനായും പാര്‍ട്ടി, പിരിച്ച ഫണ്ടില്‍ തട്ടിപ്പ് നടന്നെന്നാണ് പരാതി. വഞ്ചിയൂര്‍ ഏരിയ കമ്മിറ്റി അംഗമായ ടി രവീന്ദ്രന്‍ നായരായിരുന്നു അന്ന് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി. രവീന്ദ്രന്‍ നായരുടെ അക്കൗണ്ടിലേക്കായിരുന്നു പണം ശേഖരിച്ചത്. ഇതില്‍ 11 ലക്ഷം രൂപ വിഷ്ണുവിന്റെ കുടുംബത്തിന് കൈമാറി. ബാക്കി പണം നിയമസഹായ ഫണ്ടെന്ന പേരില്‍ സൂക്ഷിച്ചു. ഇതില്‍ അഞ്ച് ലക്ഷം രൂപ, രവീന്ദ്രന്‍ നായരുടെ മറ്റൊരു അക്കൗണ്ടിലേക്ക് വകമാറ്റിയെന്നാണ് കണ്ടെത്തല്‍. ലോക്കല്‍ കമ്മിറ്റിയാണ് ആദ്യം ക്രമക്കേട് കണ്ടെത്തിയത്. ലോക്കല്‍ കമ്മിറ്റി ഏരിയ കമ്മിറ്റിയെ വിവരം അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടറിയേറ്റിലാണ് തട്ടിപ്പ് അന്വേഷിക്കാന്‍ തീരുമാനിച്ചത്. ജില്ലാ സെക്രട്ടറി വി ജോയ് ആണ് അന്വേഷണം നടത്തുക.