കോട്ടയം- പാലായില്‍നിന്ന് നാലുദിവസം മുമ്പ് കാണാതായ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. ലോട്ടറി വില്‍പ്പനക്കാരിയായ വലവൂര്‍ സ്വദേശി പ്രിയ (31)യുടെ മൃതദേഹമാണ് പാലാ വലവൂര്‍ ഐ.ഐ.ഐ.ടിക്ക് സമീപത്തെ റബര്‍ത്തോട്ടത്തില്‍ കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ നിലയിലായിരുന്നു മൃതദേഹം. നഗ്‌നമായനിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ കഴുത്തിന്റെ ഭാഗത്ത് തുണി ചുറ്റിയിരുന്നു.
യുവതിക്കൊപ്പം കാണാതായ ലോട്ടറി വില്‍പ്പനക്കാരനായ വലവൂര്‍ സ്വദേശി പ്രകാശിനെ കഴിഞ്ഞദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതിനുപിന്നാലെ നടത്തിയ തിരച്ചിലിലാണ് യുവതിയെയും മരിച്ചനിലയില്‍ കണ്ടത്.
ഇരുവരെയും കാണാനില്ലെന്ന പരാതിയില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ഒരുദിവസത്തെ ഇടവേളയില്‍ രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ലോട്ടറി വില്‍പ്പനക്കാരനായ പ്രകാശ്, യുവതിയെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ സംശയം. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.